കോട്ടയം: സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായി കോട്ടയം ജില്ലാ കമ്മറ്റിക്ക് എസ്എന്‍ഡിപിയുടെ രാഷ്ട്രീയ നീക്കത്തോട് മൃദുസമീപനമാണുള്ളതെന്ന് ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്. പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എന്‍ഡിപിക്ക് ഏതുതരത്തിലുമുള്ള രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനും സിപിഎം എതിരല്ലെന്നും വാസന് പറഞ്ഞു.
ശക്തികേന്ദ്രങ്ങളായ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ സിപിഎമ്മില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള അടവുനയത്തിന്റെ ഭാഗമാണ് എസ്എന്‍ഡിപിയോടുള്ള മൃദുസമീപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.
സീറ്റ് വിഭജനത്തില്‍ ഘടകകള്ക്കും, സിപിഎം അണികള്‍ക്കുമിടയില്‍ കടുത്ത അസംതൃപ്തി പുകയുകയാണ്. ഇടക്കാലത്ത് മുന്നണിവിട്ടുപോയശേഷം നില്‍ക്കക്കള്ളിയില്ലാതെ തിരികെ വന്ന പി.സി ജോര്‍ജ്ജിന്റെ പാര്‍ട്ടിക്ക് 2 സീറ്റ് നല്‍കിയതാണ് എല്‍ഡിഎഫിലെ ചെറിയ കക്ഷികളെ ചൊടിപ്പിച്ചിരിക്കുന്നത്. മുന്നണിയിലെ പ്രതിസന്ധിഘട്ടത്തില്‍ ഉറച്ച നിലപാട് സ്വീകരിച്ച എന്‍സിപി, ജനതാദള്‍ തുടങ്ങിയ കക്ഷികളേക്കാള്‍ വലിയ പ്രധാന്യം സെക്യുലറിന് നല്‍കിയത് ധാര്‍മ്മികമല്ലെന്നാണ് ഇവര്‍ രഹസ്യമായി പറയുന്നത്.
നിര്ണ്ണായഘട്ടങ്ങളില് പാര്‍ട്ടിയെയും നേതാക്കളെയും പ്രതിസന്ധിയിലാക്കിയ പി.സി ജോര്‍ജ്ജുമായി സഹകരിക്കുവാന്‍ കഴിയില്ലെന്ന നിലപാടിലാണ് പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഡിവിഷനുകളിലെ സിപിഎം പ്രാദേശിക ഘടകങ്ങള്‍ ഇത് നേതൃത്വത്തിന് കടുത്ത തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് വാസവന് പറഞ്ഞു. ജില്ലാ പഞ്ചായത്തില്‍ സിപിഎം 13 ഡിവിഷനുകളിലും, സിപിഐ 5 ഉം, പി.സി ജോര്‍ജ്ജിന്റെ കേരള കോണ്‍ഗ്രസ് (സെക്യുലര്‍) 2 ലും, ജനതാദള്‍, എന്‍സിപി എന്നീ കക്ഷികള്‍ക്ക് ഓരോ ഡിവിഷനുകളിലുമാണ് മത്സരിക്കുന്നത്.
















