ആലപ്പുഴ: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി സിപിഎമ്മിലുണ്ടായ തമ്മിലടി പോളിറ്റ് ബ്യൂറോ അംഗം പിണറായിയെത്തിയിട്ടും അവസാനിപ്പിക്കാനായില്ല. വിഎസ് പക്ഷത്തേയും ഐസക്ക് പക്ഷത്തേയും ഒരുപോലെ വെട്ടിനിരത്തിയ ജി. സുധാകരനെതിരെ താഴെത്തട്ടില്‍ നിന്നും പ്രതിഷേധം ശക്തമായത് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് പാര്‍ട്ടിയില്‍ പൊട്ടിത്തെറിയ്ക്കിടയാക്കിയത്. മുന്‍ ആലപ്പുഴ നഗരസഭ ചെയര്‍മാനും സിപിഎം ജില്ലാ കമ്മറ്റിയംഗവും ഐസക്ക് പക്ഷക്കാരനുമായ പി. പി. ചിത്തരഞ്ജന് സീറ്റ് നിഷേധിച്ചതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. ചിത്തരഞ്ജന് പിന്തുണയുമായി നിരവധി ബ്രാഞ്ച് കമ്മറ്റികള്‍ രാജിഭീഷണി മുഴക്കി രംഗത്തെത്തിയതും പാര്‍ട്ടിയെ വെട്ടിലാക്കി.
പിണറായി വിജയന് തന്നെ ആലപ്പുഴയിലെത്തി ചര്‍ച്ച നടത്തിയിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ തര്‍ക്കത്തിന് അയവുണ്ടാക്കാന്‍ കഴിഞ്ഞില്ല. നേരത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് പിണറായി നേരിട്ടെത്തി ജില്ലാ പഞ്ചായത്തിലേയ്ക്ക് മത്സരിക്കുന്ന സിപിഎം സ്ഥാനാര്‍ത്ഥികളെ ആദ്യം പ്രഖ്യാപിച്ചത്. വിഎസ് പക്ഷക്കാരില്‍ ചിലരെ സ്ഥാനാര്‍ത്ഥികളാക്കി ഐസക് പക്ഷത്ത് നിലയുറപ്പിച്ചവരെ വെട്ടിയായിരുന്നു സുധാകരന് ആദ്യനീക്കം നടത്തിയത്. സാധാരണഗതിയില്‍ സ്ഥാനാര്‍ത്ഥി പട്ടിക ആദ്യം പുറത്ത് വിട്ട് പ്രവര്‍ത്തനം തുടങ്ങുന്ന സിപിഎമ്മിലെ തമ്മിലടി മറ്റ് ഘടകക്ഷികള്‍ക്കും വിനയായി മാറി.
സിപിഎമ്മിന് അവസാന നിമിഷംവരെയും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ഏകദേശ ധാരണ രൂപപ്പെടുത്താന്‍ കഴിഞ്ഞില്ല. രാത്രി ഏറെ വൈകി തട്ടിക്കൂട്ടി സ്ഥാനാര്ത്ഥിപട്ടികയുണ്ടാക്കാനുളള നീക്കമാണ് നടന്നത്.
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് സുധാകരന്റെ കടുംപിടുത്തമാണെന്നാണ് ആക്ഷേപം ഉയര്‍ന്നിരക്കുന്നത്. പിണറായി പങ്കെടുത്ത ജില്ലാക്കമ്മറ്റി, ജില്ലാസെക്രട്ടറിയേറ്റ് യോഗങ്ങള്‍ക്ക് ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ജില്ലയിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാല്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ പത്രസമ്മേളനം റദ്ദാക്കുകയായിരുന്നു. ഒടുവില്‍ ജില്ലാപഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ മാത്രം പട്ടിക മാദ്ധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഇന്ന് പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസമായതിനാല്‍ എങ്ങിനെയും തട്ടിക്കുട്ടി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: