കൊട്ടാരക്കര: ന്യൂനപക്ഷങ്ങളെ ഉമ്മാക്കി കാട്ടി പേടിപ്പിക്കുന്ന മുന്നണികള്‍ക്ക് മറുപടിയുമായി ബിജെപിയുടെ മുസ്ലിം വനിതാ സ്ഥാനാര്‍ത്ഥികള്‍ പ്രചരണരംഗത്ത് തരംഗമാകുന്നു. പത്തനാപുരം മണ്ഡത്തിലെ മുസ്ലിംഭൂരിപക്ഷമേഖലയായ തലച്ചിറ ഈസ്റ്റ് വാര്‍ഡില്‍ നിന്നും താമരചിഹ്നത്തില്‍ മത്സരിക്കുന്നത് എംഎ സോഷ്യോളജി വിദ്യാര്‍ത്ഥിനി കൂടിയായ ഇരുപത്തിമൂന്നുകാരി റംസിയ ഷിഹാബ് ആണ്. ചിരട്ടക്കോണം ബ്ലോക്ക് ഡിവിഷനില്‍ നിന്നും ജനവിധി തേടുന്നത് സിജിമോള്‍ റാഫി എന്ന മുപ്പത്തിയേഴുകാരിയും.
ചുരൂങ്ങിയ ദിവസംകൊണ്ടുതന്നെ വാര്‍ഡിലെ താരമായിക്കഴിഞ്ഞു ഹംസിയ. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വാര്‍ഡ് കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിയുമെന്നാണ് ഇവരുടെ ആത്മവിശ്വാസം. രണ്ട് വര്‍ഷംമുമ്പ് റംസിയയുടെ ബാപ്പ ഷിഹാബ്, ഉമ്മ റംലത്ത്, സിജിമോള്‍റാഫി എന്നിവരുടെ നേതൃത്വത്തില്‍ 200 ഓളംപേര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതില്‍ കൂടുതലും മുസ്ലിം വിഭാഗത്തില്‍പെട്ടവരായിരുന്നു. അന്നുമുതല്‍ ഇവര്‍ക്കെതിരെ കള്ളക്കേസുകളും ബിജെപിയില്‍ ചേര്‍ന്നതിനെതിരെ പള്ളിയില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്താന്‍ മതേതരന്മാര്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ നൗഷാദ് തന്നെ സ്ഥലത്തെത്തി കാര്യങ്ങള്‍ അവതരിപ്പിച്ചതോടെ ഇവര്‍ പത്തിമടക്കി മാളത്തില്‍ ഒളിച്ചു.
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സജീവപ്രവര്‍ത്തകരായ ഇവര്‍ക്ക് സീറ്റ് നല്‍കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ബിജെപിക്കെതിരെ മുന്നണികള്‍ ഉന്നയിക്കുന്ന ന്യൂനപക്ഷ വിരോധം പൊള്ളയാണന്ന് തങ്ങളുടെ രണ്ട് വര്‍ഷത്തെ അനുഭവം തെളിയിക്കുന്നതായി ഇവര്‍ പറയുന്നു. മറ്റ് പാര്‍ട്ടികളുടെ സജീവപ്രവര്‍ത്തകരായിരുന്ന തങ്ങള്‍ക്ക് യഥാര്‍ത്ഥ മതേതരത്വം കാണാന്‍ കഴിഞ്ഞത് ബിജെപിയിലാണെന്നും ഇവര്‍ പറയുന്നു. തലച്ചിറ സിയാമന്‍സിലില്‍ റാഫിയുടെ ഭാര്യയാണ് സിജിമോള്‍. അവിവാഹിതയാണ് റംസിയ ഷിഹാബ്.
















