ആലുവ: നഗരസഭയില്‍ എല്‍ഡിഎഫ് സീറ്റ് വിഭജന ചര്‍ച്ച അഞ്ചില്‍ തട്ടി അലങ്കോലമായി. എല്‍ഡിഎഫില്‍ നിന്ന് സിപിഐയും പുറത്തുചാടി. ഇതേതുടര്‍ന്ന് ഇന്നലെ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം സിപിഐക്കാരാരും പത്രിക നല്‍കിയില്ല. സിപിഐ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് തനിച്ച് പത്രിക നല്‍കും. ഇതോടെ എല്‍ഡിഎഫില്‍ സിപിഎം മാത്രമായി.
ഉപാധികളില്ലാതെ അഞ്ചാം വാര്‍ഡ് വിട്ടുനല്‍കുന്നതിന് സിപിഎം വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് നഗരസഭയിലെ പത്ത് വാര്‍ഡില്‍ സിപിഐ തനിച്ചുമത്സരിക്കും. മറ്റ് വാര്‍ഡുകളില്‍ അനുയോജ്യരായ സ്വതന്ത്രന്മാര്ക്ക് പിന്തുണ നല്‍കും. കഴിഞ്ഞ തവണ സിപിഐ ഏഴ് വാര്‍ഡുകളിലാണ് മത്സരിച്ചത്. ഇക്കുറിയിത് ആറായി ചുരുങ്ങി. 10,16 വാര്‍ഡുകള്‍ സിപിഎം ഏറ്റെടുത്തപ്പോള്‍ അഞ്ചാം വാര്‍ഡ് വിട്ടുതരണമെന്ന് സിപിഐ ഉപാധിവച്ചു. ഒടുവില്‍ വിഷയം ജില്ലാ നേതൃത്വത്തിന് വിട്ടു. ജില്ലാ നേതൃത്വം ചര്‍ച്ചക്കെടുക്കുന്നതിന് മുമ്പ് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ അഞ്ചാം വാര്‍ഡ് വിട്ടുതരാന്‍ ലോക്കല്‍ നേതൃത്വം സമ്മതിച്ചിരുന്നു.
പക്ഷെ ജില്ലാ നേതൃത്വം വിഷയം ചര്‍ച്ചക്കെടുത്തപ്പോള്‍ സിപിഎം മറ്റൊരു ഉപാധികൂടി വച്ചു. എടത്തല ഗ്രാമപഞ്ചായത്തില്‍ സിപിഐക്ക് അനുവദിച്ച ഏഴാം വാര്‍ഡ് ജനതാദളിനായി വിട്ടുനല്കണമെന്നയിരുന്നു ഉപാധി. ജനതാദള്‍ നേതാവും എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനറുമായ സലിം എടത്തലക്കാണ് സീറ്റ് ആവശ്യമുന്നയിച്ചത്. ഇത് സിപിഐക്ക് അംഗീകരിക്കാനായില്ല. ഇതോടെ ചര്‍ച്ച പൊളിഞ്ഞു. എടത്തലയില്‍ നേരത്തെ ധാരണയായതിനെ തുടര്‍ന്ന് ഏഴാം വാര്‍ഡില്‍ സിപിഐയിലെ മുന്‍ മെമ്പര്‍ കുഞ്ഞുമുഹമ്മദ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
തുടര്‍ന്നാണ് മണ്ഡലം സെക്രട്ടറി പി. നവകുമാരന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ലോക്കല്‍ കമ്മിറ്റി തനിച്ചുമത്സരിക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചത്.
ഇന്നലെ പത്രിക നല്‍കാനായിരുന്നു നേരത്തെ സിപിഎം സിപിഐ നേതാക്കള്‍ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ഇന്നലെ അഞ്ചാം വാര്‍ഡ് ഒഴികെയുള്ള സ്ഥാനാര്‍ത്ഥികളുടെ പത്രിക നല്കാന് സി.പി.എം നേതൃത്വം ക്ഷണിച്ചിട്ടും സിപിഐ പോയില്ല. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ ഇന്ന് പത്രിക നല്‍കികൊള്ളാമെന്ന് പറഞ്ഞ് സിപിഎമ്മിനെ ഒഴിവാക്കുകയായിരുന്നു. അഞ്ചാം വാര്‍ഡ് വിട്ടുകൊടുത്തുകൊണ്ടുള്ള ഒരു ധാരണക്കും ഇല്ലെന്നാണ് സിപിഐയുടെ നിലപാട്.
സിപിഐ തീരുമാനം നടപ്പായാല്‍ എല്‍ഡിഎഫ് മുന്നണിയില്‍ സിപിഎം മാത്രമാവും. സീറ്റ് നിഷേധത്തെ തുടര്‍ന്ന് എന്‍സിപി നഗരസഭയില്‍ രണ്ട് സീറ്റില്‍ പത്രിക നല്‍കുന്നുണ്ട്. ആലുവയില്‍ പതിറ്റാണ്ടുകളായി യുഡിഎഫ് മുന്നണിയില്‍ കോണ്‍ഗ്രസ് മാത്രമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: