തൃശൂര്‍: ശക്തന്റെ തട്ടകത്ത് തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ അങ്കത്തട്ട് ഒരുങ്ങുന്നു. 17 ന് പത്രിക പിന്‍വലിക്കല്‍ പൂര്‍ത്തിയാകുന്നതോടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാവുവെങ്കിലും ബിജെപിയുടെയും മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ ആരെന്നത് സംബന്ധിച്ച് എകദേശ ചിത്രം പുറത്ത് വന്നിട്ടുണ്ട്. നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചെങ്കിലും കോണ്‍ഗ്രസില്‍ രൂപപ്പെട്ട സീറ്റ് തര്‍ക്കത്തിന്റെ അലയടികള്‍ പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്.
കോര്‍പ്പറേഷനില്‍ ഒരോ ഡിവിഷനുകളിലും മൂന്നും നാലും സ്ഥാനാര്‍ഥികളാണ് പത്രികകള്‍ നല്‍കിയിട്ടുള്ളത്. ഇടതു മുന്നണിയിലും തര്‍ക്കങ്ങള്‍ നിലില്‍ക്കുകയാണ്. സിപിഎം കഴിഞ്ഞ തവണ മത്സരിച്ച കൗണ്‍സിലര്‍മാരില്‍ ഒരാള്‍ക്ക് മാത്രമാണ് സീറ്റ് നല്‍കിയത്. സിപിഐയിലും പൊട്ടിത്തെറി രൂപപ്പെട്ടിട്ടുണ്ട്.
നിലവിലെ കൗണ്‍സിലറായ സാറാമ്മ റോബ്സണനെ സിപിഐ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചെങ്കിലും അവസാന നിമിഷം സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് പറഞ്ഞ് പിന്‍വാങ്ങുകയായിരുന്നു. ഇതോടെ മറ്റൊരാളെ കണ്ടെത്തേണ്ടിവന്നു. ഡിവിഷനില്‍ നിന്നുള്ള എതിര്‍പ്പാണ് പിന്മാറ്റത്തിന് കാരണമെന്നറിയുന്നു. കോണ്‍ഗ്രസിലാകട്ടെ നിലവിലെ കൗണ്‍സിലില്‍ ഉള്ളവരില്‍ 19 പേര് സീറ്റ് പിടിച്ച് വാങ്ങി. ഇതില്‍ പ്രതിഷേധിച്ച് പല വാര്‍ഡുകളിലും വിമതര്‍ രംഗത്ത് വരികയും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ പാര്‍ട്ടി വിടുകയും ചെയ്തു.
കഴിഞ്ഞ കൗണ്‍സിലിലെ മുന്‍മേയര്‍മാരായ രാജന്‍പല്ലന്‍ പള്ളിക്കുളത്തും ഐ.പി.പോള്‍ ചെമ്പൂക്കാവിലും മത്സരിക്കും. മുന്‍ മേയര്‍മാര്‍ പിന്മാറണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സീറ്റ് ലഭിക്കണമെന്ന വാശിയില്‍ ഇവര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ മകള്‍ സി.ബി.ഗീത കടുത്ത എതിര്‍പ്പിനെ മറികടന്ന് ഒളരി ഡിവിഷനില്‍ നിന്ന് പത്രിക നല്‍കിയിട്ടുണ്ട്.
കോര്‍പ്പറേഷനില്‍ ബിജെപി 47 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഒരു സീറ്റില്‍ ആര്‍എസ്പി(ബി)യും മത്സരിക്കും. ബാക്കിയുള്ള സീറ്റുകളില്‍ എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. ഇത്തവണ ശക്തമായ മത്സരത്തിനാണ് ബിജെപി ഒരുക്കം നടത്തിയിരിക്കുന്നത്. എസ്എന്‍ഡിപിയുമായുള്ള ധാരണ ബിജെപിക്ക് ഏറെ ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: