നീലേശ്വരം: നീലേശ്വരം രാജവംശത്തിലെ നിലവിലുള്ള മൂത്തരാജാവ് അഡ്വ.ടി.സി.സി കൃഷ്ണവര്‍മ്മ വലിയരാജ നീലേശ്വരം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. 93 കാരനായ രാജാവ് 1953 മുതല്‍ 57 മാര്‍ച്ച് വരെ നീലേശ്വരം റെയില്‍വേ ഗേറ്റിന് പടിഞ്ഞാറ് വശമുള്ള നീലേശ്വരം ഫസ്റ്റ് പഞ്ചായത്തിലാണ് പ്രസിഡന്റായത്. 11 വാര്‍ഡുകളുണ്ടായിരുന്ന പഞ്ചായത്തില്‍ മുന്‍ മന്ത്രി എന്‍.കെ.ബാലകൃഷ്ണന്‍ വൈസ് പ്രസിഡന്റായിരുന്നു.
കരിങ്ങാട്ട് കുഞ്ഞമ്പു നായര്‍, പി.പി.രാമചന്ദ്രന്‍, മേലാളത്ത് കുഞ്ഞിക്കോരന്‍, കുഞ്ഞിമംഗലം കുഞ്ഞമ്പു, കെ.വി. രാമന്‍, ഇ.പി. ഹാജി തുടങ്ങിയ ഏഴ് അംഗങ്ങളുടെ പേരുകള്‍ മൂത്തരാജാവ് ഓര്‍ക്കുന്നു. ഇവരാരും ജീവിച്ചിരിപ്പില്ല. 1950 ലെ മദ്രാസ് വില്ലേജ് പഞ്ചായത്ത് ആക്ട് പ്രകാരം നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യമായി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചത് 193 ലാണ്. അതിന് മുമ്പ് കൈപൊക്കി എണ്ണിയാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നത്.
നൂറ് രൂപ വരെ പിഴ ചുമത്താവുന്ന സിവില്‍-ക്രിമിനല്‍ കേസുകള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടായിരുന്നു. പഞ്ചായത്തിന്റെ പ്രധാന വരുമാനം ആഴ്ച ചന്ത പണവും, കടത്തു തോണി തുടങ്ങിയവയുടെ ലേലത്തുകയായിരുന്നു. കെട്ടിട നികുതിക്ക് പുറമേ വീട്ട് നികുതി നടപ്പില്‍ വരുത്തിയതും ഈ കാലയളവിലാണ്.
റെയില്‍വേ ഗേറ്റ് മുതല്‍ നീലേശ്വരം കച്ചേരിക്കടവ് വരെയുള്ള റെയില്‍വേ ഫീഡര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ചുമതലയും പഞ്ചായത്തിനായിരുന്നു. വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അനാരോഗ്യം ബുദ്ധിമുട്ടിച്ചാലും തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് മൂത്തരാജാവ്.
















