പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിഭാഗീയത ശക്തമാകുന്നത് സി.പി.എം ജില്ലാനേതൃത്വത്തിന് തലവേദനയാകുന്നു. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പോടെ ചെങ്കോട്ടയെന്ന വിശേഷണം ഇനി വേണ്ടെന്ന് പാലക്കാടന്‍ ജനത സിപിഎമ്മിനും ഇടതു മുന്നണിക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇത്തവണ ബിജെപിയുടെ നേതൃത്വത്തില്‍ ദേശിയ ജനാധിപത്യ സഖ്യവും ശക്തമായ സാന്നിധ്യമായതോടെ കാലിനടിയിലെ മണ്ണിളകുന്ന അങ്കലാപ്പിലാണ് സിപിഎം. അതിനിടയിലാണ് പാര്‍ട്ടിയിലെ വിമതരും മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ യും സീറ്റ് വിഭജനത്തിന്റെ പേരില്‍ തമ്മില്‍ മത്സരിക്കാനിറങ്ങുന്നത്.
കര്‍ഷകരും കര്‍ഷക തൊഴിലാളികളും തിങ്ങി നിറഞ്ഞ പാലക്കാട് ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. എന്നാല്‍ ജനങ്ങളില്‍ നിന്നും ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും അകന്നു പോയ ഇടതുപക്ഷത്തെ, പ്രതേ്യകിച്ച് സിപിഎമ്മിനെ നെല്ലറയിലെ ജനം കയ്യൊഴിയുകയാണ്. 2005 ല്‍ ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനുകളില്‍ 28 ഉം നേടിയ എല്‍ഡിഎഫിന് 2010ല്‍ 18 സീറ്റില്‍ മാത്രമേ വിജയിക്കാനായുള്ളൂ.
ഒരു സീറ്റില്‍ നിന്ന് യുഡിഎഫ് 11 ലേക്ക് വളര്‍ന്നു. 2005ല്‍ 13 ബ്ലോക്ക് പഞ്ചായത്തുകളില്‍ 12 ഉം എല്‍ഡിഎഫിനായിരുന്നു. 2010 ല്‍ എട്ടിടത്തേയ്‌ക്ക് ഒതുങ്ങി. ജില്ലയിലെ 91 പഞ്ചായത്തുകളില്‍ അറുപത്തിയേഴിടത്ത് ഇടതുമുന്നണിയും പതിനെട്ടിടത്ത് യുഡിഎഫുമാണ് 2005 ല്‍ ഭരണത്തിലെത്തിയത്. ആറ് പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. എന്നാല്‍ 2010 ല്‍ എല്‍ഡിഎഫ് 47 ലേക്ക് ഒതുങ്ങി. ഏഴിടത്ത് ആര്‍ക്കും ഭൂരിപക്ഷം ലഭിച്ചില്ല.
ഇതേകാലയളവില്‍ ഇരട്ടിയോളം സീറ്റുകള്‍ വര്‍ധിപ്പിച്ച ബിജെപി ഇക്കുറി ശക്തമായ അടിത്തറയോടെ രണ്ടു മുന്നണികളോടും നേരിട്ടു മത്സരിക്കാനുള്ള അവസ്ഥയിലേക്ക് വളര്‍ന്നു. 2005 ല്‍ 19 പഞ്ചായത്തുകളിലായി 27 സീറ്റാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. പാലക്കാട് നഗരസഭയില്‍ 2005 ല്‍ ബിജെപി എട്ട് സീറ്റ് നേടി. അതേസമയം 2010ല്‍ ഇരുപതിലേറെ പഞ്ചായത്തുകളില്‍ സ്വാധീനം തെളിയിച്ച ബിജെപി 44 സീറ്റുകള്‍ നേടി. പാലക്കാട് നഗരസഭയിലെ സീറ്റുകള്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു. പാലക്കാട് 15 സീറ്റുകള്‍ നേടി പ്രധാന പ്രതിപക്ഷമായി. ഇടതുപക്ഷത്തിന് ഇവിടെ കേവലം 9 സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നഗരസഭകളില്‍ മൂന്ന് വീതം സീറ്റും ബിജെപി നേടി.
ഇത്തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാലക്കാട് നഗരഭരണം നേടാനുള്ള ഒരുക്കത്തിലാണ് ബിജെപി സഖ്യം. പാലക്കാട് നഗരസഭയിലെ ശക്തി പൂര്‍ണമാക്കാനുള്ള ലക്ഷ്യത്തോടെ ആരംഭിച്ച മിഷന്‍ 35പ്ലസ് പദ്ധതിയില്‍ ഏഴു ഘട്ടമായായിരുന്നു പ്രവര്‍ത്തനം. ഒന്നാംഘട്ടത്തില്‍ എല്ലാ വാര്‍ഡുകളിലും കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് രണ്ടാം ഘട്ടമായി വാര്‍ഡുതല പദയാത്രകള്‍ നടത്തി. യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അഴിമതിക്കും വികസനമുരടിപ്പിനുമെതിരെ മൂന്നാംഘട്ടത്തില്‍ ഗൃഹസമ്പര്‍ക്കങ്ങള്‍ നടത്തി. കേന്ദ്രസര്‍ക്കാരിന്റ ജനക്ഷേമപദ്ധതികള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ഗൃഹസമ്പര്‍ക്കങ്ങളും, ക്യാമ്പുകളും സംഘടിപ്പിച്ചു.
അഞ്ചാംഘട്ടത്തില്‍ വാര്‍ഡുകളില്‍ വനിതാ സ്‌ക്വാഡുകള്‍ ഗൃഹസമ്പര്‍ക്കം നടത്തി. ആറാംഘട്ടത്തില്‍ കുടുംബയോഗങ്ങളും ഏഴാംഘട്ടത്തില്‍ ചെറുകിട വ്യവസായ സംരംഭകര്‍ക്കായി മുദ്രാബാങ്ക് വായ്‌പ മേളയും സംഘടിപ്പിച്ചു. ഐഐടി, ജന്‍ധന്‍ യോജന, റെയില്‍വേ വികസനം, സമ്പൂര്‍ണ ഭവനപദ്ധതി, അമൃത് നഗരം തുടങ്ങി മോദി സര്‍ക്കാരിന്റെ ജനപ്രിയ പരിപാടികള്‍ ജനങ്ങളിലെത്തിച്ചാണ് ബിജെപി വോട്ട് തേടുന്നത്.
പാലക്കാട് മെഡിക്കല്‍ കോളജ,് പട്ടാമ്പി താലൂക്ക് രൂപീകരണം, അട്ടപ്പാടി ഗവണ്‍മെന്റ് കോളജ്, കൊഴിഞ്ഞാമ്പാറ ഗവണ്‍മെന്റ് കോളജ് തുടങ്ങിയവ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേട്ടങ്ങളായി കാണിച്ചാണ് യുഡിഎഫിന്റെ വോട്ടു പിടുത്തം. എന്നാല്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക്, പട്ടാമ്പി, മണ്ണാര്‍ക്കാട് മേഖലയിലെ ലീഗുമായുള്ള കലഹം എന്നിവ യുഡിഫ് കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. പലയിടത്തും നോമിനേഷന്‍ നല്കിക്കഴിഞ്ഞിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞിട്ടില്ല.
കഴിഞ്ഞതവണ പ്രധാന തിരിച്ചടിയായ സിപിഎമ്മിലെ വിഭാഗീയത ഇത്തവണ കൂടുതല്‍ ശക്തമാണ്. കാലങ്ങളായി സിപിഎം കൈവശം വെച്ചിരുന്ന കണ്ണാടി ഗ്രാമപഞ്ചായത്ത്, ഷൊര്‍ണൂര്‍ , ഒറ്റപ്പാലം നഗരസഭകള്‍ എന്നിവയെല്ലാം കഴിഞ്ഞ തവണ അവര്‍ക്ക് നഷ്ടമായി. ഒറ്റപ്പാലം നഗരസഭയിലും അനങ്ങനടി, ലക്കിടിപേരൂര്‍, വാണിയംകുളം പഞ്ചായത്തുകളിലും മത്സരിക്കാന്‍ സിപിഎം വിമതര്‍ കച്ചമുറുക്കി കഴിഞ്ഞു. സി.പി.എമ്മിന് കനത്ത വെല്ലുവിളിയുമായി നിലകൊണ്ടിരുന്ന എം.ആര്‍. മുരളി ഉള്‍പ്പെടെയുള്ള നേതാക്കള്‍ മാതൃസംഘടനയിലേക്കു മടങ്ങിയിട്ടും ഒറ്റപ്പാലത്തെ വിമതര്‍ നിലമാറ്റിയിട്ടില്ല. പാര്‍ട്ടി ശക്തികേന്ദ്രമായ കണ്ണാടിയില്‍ വിമതര്‍ കണ്ണാടിക്കൂട്ടം എന്ന സംഘടന രൂപീകരിച്ചാണ് രംഗത്ത് വന്നിട്ടുള്ളത്.
ജില്ലയിലെ പഞ്ചായത്തുകളുടെ എണ്ണം 91 ല്‍ നിന്നും 88 ആയി ചുരുങ്ങി. നഗരസഭകള്‍ നാലില്‍ നിന്നും ഏഴായി ഉയര്‍ന്നു. പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, ചിറ്റൂര്‍-തത്തമംഗലം എന്നിവയാണ് നിലവില്‍ നഗരസഭകള്‍. മണ്ണാര്‍ക്കാട്, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി എന്നിവ പുതിയ നഗരസഭകളാണ്. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 30 ആയി. 88 ഗ്രാമ പഞ്ചായത്തുകളിലായി 1499 വാര്‍ഡുകളിലേക്കും 13 ബ്ലോക്ക് പഞ്ചായത്തുകളിലെ 183 ഡിവിഷനുകളിലേക്കും 30 ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുമാണ് തെരഞ്ഞെടുപ്പ്.
















