തിരുവനന്തപുരം:നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന നിമിഷത്തിലും കോണ്‍ഗ്രസിലെ ഗ്രൂപ്പുതര്‍ക്കം മുറുകുന്നു. നേതൃത്വത്തിന്റെ അന്ത്യശാസനത്തിന് പുല്ലുവില കല്‍പ്പിച്ച് ഗ്രൂപ്പുകള്‍ മത്സരിച്ച് വിമതന്മാരെ നിരത്തിയതോടെ കോണ്‍ഗ്രസിലെ തമ്മില്‍ തല്ല് രൂക്ഷമായി. മുതിര്‍ന്ന നേതാക്കള്‍പോലും നേതൃത്വത്തിന്റെ നിര്‍ദ്ദേശം അവഗണിച്ച് ഗ്രൂപ്പ് പോരിന് നേതൃത്വം കൊടുക്കുകയാണ്. വിമതന്മാരെ പിന്‍വലിക്കുന്നത് സംബന്ധിച്ച് കെപിസിസിയുടെ അന്ത്യശാസനം ഇരു ഗ്രൂപ്പുകളും പാടെ അവഗണിച്ചിരിക്കുകയാണ്. സീറ്റുവിഭജനം സംമ്പന്ധിച്ച് ഘടക കക്ഷികള്‍ തമ്മിലുള്ള തര്‍ക്കവും പരിഹരിക്കാനായില്ല. മുസ്ലിം ലീഗുമായി പല പഞ്ചായത്തിലും വിലപേശല്‍ തര്‍ക്കം തീരുമാനത്തിലെത്തിയില്ല. ലീഗ് പലയിടത്തും ഒറ്റയ്‌ക്കു മത്സരിക്കുമെന്ന ഭീഷണി മുഴക്കിയിട്ടുണ്ട്. സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ലീഗ് ചിലയിടങ്ങളില്‍ ധാരണയായി. മുന്നണി ബന്ധവും ഉലഞ്ഞതോടെ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലായിരിക്കുകയാണ്.
ഗ്രൂപ്പുപോരു മൂര്‍ച്ഛിച്ചതോടെ കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കൈവിട്ടു പോവുകയാണ്. കഴിഞ്ഞ ദിവസം പത്തനം തിട്ടയിലെ ഗ്രൂപ്പു പോരിനു പരിഹാരം കാണാന്‍ കെപിസിസി പ്രസിഡന്റ് സുധീരന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പത്തനംതിട്ട ഡിസിസി പ്രസിഡന്റും മന്ത്രി അടൂര്‍പ്രകാശും തമ്മില്‍ നിലവിട്ട് വാക്കേറ്റം ഉണ്ടായി. സുധീരന്റെ സാന്നിധ്യത്തിലായിരുന്നു ഇരുവരും കഴിഞ്ഞ ദിവസം കൊമ്പുകോര്‍ത്തത്. പത്തനംതിട്ടയില്‍ ജില്ലാ പഞ്ചായത്തിലേക്ക് 16 സ്ഥാനാര്‍ത്ഥികളെയാണ് എ ഗ്രൂപ്പ് കാരനായ ഡിസിസി പ്രസിഡന്റ് പി.മോഹന്‍രാജ് ഇഷ്ടപ്പ്രകാരം നിര്‍ത്തിയത്.
ഐ ഗ്രൂപ്പിനെ തഴഞ്ഞ് മോഹന്‍രാജ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതോടെ അടൂര്‍പ്രകാശിന്റെ നിര്‍ദ്ദേശപ്രകാരം ഐ ഗ്രൂപ്പും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. വിമതന്മാര്‍ നിരന്നതോടെ പ്രശ്‌നം വഷളായി.
തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് ഇരുകൂട്ടരെയും സമവായ ചര്‍ച്ചയ്‌ക്കു വിളിക്കുകയായിരുന്നു. മോഹന്‍ രാജ് തന്നിഷ്ടപ്രകാരമാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതെന്നും പാര്‍ട്ടിതലത്തില്‍ ചര്‍ച്ച നടത്തിയില്ലെന്നും അടൂര്‍പ്രകാശ് ആരോപിച്ചു.
രൂക്ഷ വിമര്‍ശനമാണ് മന്ത്രി നടത്തിയത്. മന്ത്രിയായതിലുള്ള അഹങ്കാരമാണ് അടൂര്‍പ്രകാശിനെന്നും എല്ലാകാലത്തും മന്ത്രിയായിരിക്കാനാകില്ലെന്നും മോഹന്‍ രാജ് തിരിച്ചടിച്ചു. ഇതോടെ രോക്ഷാകുലനായ മന്ത്രി ചാടിയെഴുനേറ്റു. രംഗം വഷളായതോടെ സുധീരന്‍ ഇടപെട്ട് ഇന്ന് പ്രശ്‌നത്തിനു പരിഹാരം കാണണമെന്ന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. എന്നാല്‍ പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇരുകൂട്ടരും.
സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇതാണു സ്ഥിതി. റിബലുകളെ ഒതുക്കാന്‍ പാര്‍ട്ടി ഒന്നും ചെയ്യില്ലെന്ന് സുധീരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസിസികള്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്യില്ല. സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി വാദിച്ചവര്‍ തന്നെ റിബലുകളെ ഒതുക്കണമെന്നാണ് നിര്‍ദ്ദേശം. ഇന്നാണ് നോമിനേഷന്‍ പിന്‍വലിക്കേണ്ട അവസാനദിനം. എന്നാല്‍ കോണ്‍ഗ്രസിലെ വിമതന്മാരെ പിന്‍വലിപ്പിക്കാന്‍ ഇതുവരെ നേതൃത്വത്തിനു സാധിച്ചിട്ടില്ല. ഇന്നു നാലുമണി വരെയെ റിബലുകളുണ്ടാകാന്‍ പാടുള്ളു. അതിനു ശേഷം കോണ്‍ഗ്രസിനു ഒറ്റ സ്ഥാനാര്‍ത്ഥിയെ ഉണ്ടാകാവു എന്നാണ് രമേശ് ചെന്നിത്തല അന്ത്യശാസനം നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാതൊരു പ്രതികരണവും നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ചു ഐ ഗ്രൂപ്പിനാണ് പരാതി ഏറെയുള്ളത്.
ഗ്രൂപ്പുകള്‍ യോജിച്ചുപോകാന്‍ തീരുമാനിച്ചതിനു ശേഷം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചപ്പോള്‍ ഐ ഗ്രൂപ്പിനെ തഴഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഐ ഗ്രൂപ്പിനെ പൂര്‍ണ്ണമായും ഒതുക്കിയിരിക്കുകയാണ്. തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പോടെ ഐഗ്രൂപ്പിന് പ്രാതിനിധ്യമുള്ളയിടങ്ങളിലെല്ലാം പിടിമുറുക്കുന്ന തരത്തിലാണ് എ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയത്. ഇത് വരും ദിവസങ്ങളില്‍ തുറന്ന പോരിലേക്ക് എത്തുമെന്നതില്‍ സംശയമില്ല.
















