കാസര്‍കോട്: സോഷ്യല്‍ മീഡിയകള്‍ വഴി സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ നടപടി ഉറപ്പ്. ഇടതുപക്ഷ അനുകൂല സര്‍വ്വീസ് സംഘടനകളില്‍പെട്ട ജീവനക്കാര്‍ വ്യാപകമായി സോഷ്യല്‍ മീഡിയകള്‍ വഴി തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് നല്കപ്പെട്ടിരിക്കുന്നത്.
ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഗൂഗിള്‍പ്ലസ് തുടങ്ങിയ വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ ഏതെങ്കിലും രീതിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സ്ഥാനാര്‍ത്ഥികള്‍ക്കോ രാഷ്ട്രീയ കക്ഷികള്‍ക്കോ അനുകൂലമായും പ്രതികൂലമായും പ്രതികരണം നടത്തുന്നത് നിയമവിരുദ്ധമാണ്.
ജീവനക്കാര്‍ സാമൂഹിക മാധ്യമങ്ങളില്‍ അവരുടെ പ്രൊഫൈല്‍ ചിത്രം ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും ചിഹ്നവും മറ്റുമായി മാററുന്നതും പ്രചാരണ ചിത്രങ്ങളും കമന്റുകളും ഷെയര്‍ ചെയ്യുന്നതും പാടില്ലാത്തതാണ്. പ്രൊഫൈല്‍ ചിത്രങ്ങളായി സ്ഥാനാര്‍ത്ഥികളുടെ പ്രചരണങ്ങള്‍ക്കായി പുറത്തിറക്കിയ ബോര്‍ഡുകളും, മറ്റും ജിവനക്കാര്‍ ഉപയോഗിച്ച് വരുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്.
സര്‍ക്കാര്‍ ജീവനക്കാര്‍ ഇത്തരത്തിലുള്ള എല്ലാവിധ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിട്ടു നില്ക്കേണ്ടതാണെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ പറഞ്ഞു. അല്ലാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: