ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള മുന്നേറ്റം തടയാന്‍ സിപിഎം, കോണ്‍ഗ്രസ്, മുസ്ലിംലീഗ് എന്നീ പാര്‍ട്ടികളുടെ അവിശുദ്ധ ത്രികക്ഷിസഖ്യം രൂപംകൊണ്ടതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
മുസ്ലിംലീഗാണ് ഇത്തരത്തിലുള്ള സഖ്യത്തിന് കാര്‍മ്മികത്വം വഹിക്കുന്നത്. സംസ്ഥാനത്തുണ്ടായ ഹിന്ദു മുന്നേറ്റം കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും മുസ്ലിംലീഗിനെയും ഒരേപോലെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. മലപ്പുറം കോട്ടയ്ക്കല്‍ നഗരസഭയില്‍ ബിജെപി വിജയം ഭയന്ന് മുന്നു പാര്‍ട്ടികളും പൊതുസ്ഥാനാര്ത്ഥിയെയാണ് നിര്‍ത്തിയിരിക്കുന്നത്. പൊന്നാനി നഗരസഭ, താനൂര്‍, കാസര്‍കോട് ജില്ലകളില്‍ പൂര്‍ണമായും കോട്ടയത്ത് ചിറക്കടവ് പഞ്ചായത്ത് തുടങ്ങി സംസ്ഥാനമൊട്ടാകെ മുന്നണികള്‍ക്ക് അതീതമായി ലീഗ് നേതൃത്വത്തില്‍ ത്രികക്ഷി സഖ്യം വ്യാപകമാകുകയാണെന്നും അദ്ദേഹം ഉദാഹരണങ്ങള്‍ സഹിതം ചൂണ്ടിക്കാട്ടി.
ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ കേരളത്തില്‍ പരമ്പരാഗത മുന്നണികള്‍ തകര്‍ന്നടിയുകയും ബിജെപി നേതൃത്വത്തിലുള്ള മൂന്നാംചേരി കരുത്ത് നേടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ തലത്തിലുണ്ടായ മാറ്റം കേരളത്തിലുമുണ്ടാകും. ബിജെപി നേതൃത്വത്തിലുള്ള മൂന്നാംചേരിയെ പിറവിക്ക് മുമ്പുതന്നെ ഇല്ലായ്മ ചെയ്യാനാണ് ഇടതു- വലതു മുന്നണികള്‍ ശ്രമിക്കുന്നത്. ഇതൊന്നും വിലപ്പോവില്ല.
തെരഞ്ഞെടുപ്പില്‍ വികസനവും അഴിമതിയും ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ പ്രതിപക്ഷവും ഭരണപക്ഷവും ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുകയാണ്.കേന്ദ്രത്തിലെ പതിനാറു മാസത്തെ നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും കേരളത്തിലെ 55 വര്‍ഷക്കാലത്തെ മുന്നണി ഭരണകാലത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ബിജെപി തയ്യാറാണ്. ഇടതു- വലതു മുന്നണികള്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേട്ടയാടുന്നത് തങ്ങളുടെ വീഴ്ചകള്‍ മറച്ചു പിടിക്കാനാണ്.
ജയിലില്‍ പോകേണ്ടവര്‍ യഥാര്‍ത്ഥത്തില്‍ വിഎസും പിണറായിയുമാണ്. കൃഷ്ണപിള്ളകേസും ടിപി കേസും ശരിയായ ദിശയില്‍ അന്വേഷിച്ചിരുന്നെങ്കില്‍ ഇരുവരും നേരത്തെ തന്നെ ജയിലഴിക്കുള്ളിലാകുമായിരുന്നു. വെള്ളാപ്പള്ളി നടേശനെതിരെ ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ ഏത് ഏജന്‍സിയും അന്വേഷിക്കട്ടെയെന്ന് അദ്ദേഹം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി ഈ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ഇഎംഎസ്സിന് തന്റെ ജിവിതകാലത്ത് സഫലീകരിക്കാനാവാതെ പോയ കേരളം ബംഗാളാക്കുമെന്ന സ്വപ്നം ബിജെപി യാഥാര്‍ത്ഥ്യമാക്കും. ജനങ്ങളുടെ പണം കൊള്ളയടിക്കുന്ന സൂപ്പര്‍ ആട് ആന്റണിമാരില് നിന്ന് കേരളത്തെ മോചിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: