കൊല്ലം: തെരഞ്ഞെടുപ്പില്‍ കേരളമാകെ യുഡിഎഫിനെതിരായ ഉപകരണമായി ആര്. ബാലകൃഷ്ണപിള്ളയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും ഉപയോഗിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച തദ്ദേശീയം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണിയുമായി ധാരാളം പാര്‍ട്ടികള്‍ സഹകരിക്കുന്നുണ്ട്. അതില്‍ ഒന്നുമാത്രമാണ് പിള്ളയുടെ പാര്‍ട്ടി. യുഡിഎഫിനെ പോലെ ആര്‍ക്കും കയറിവരാവുന്ന വഴിയമ്പലമല്ല എല്‍ഡിഎഫ്. പിള്ളയുടെയും കൂട്ടരുടെയും സഹകരണത്തിന്റെ ആഴവും പരപ്പും എത്രകണ്ട് എല്‍ഡിഎഫിന് പ്രയോജനപ്പെടുന്നു എന്ന് മനസിലാക്കിയ ശേഷമേ മുന്നണിപ്രവേശനം ചിന്തിക്കൂ.
എസ്എന്‍ഡിപിയുടെ നിലപാടിനെ മുന്നാക്ക-പിന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവരെ അണിനിരത്തി സിപിഎം നേരിടും. വെള്ളാപ്പള്ളി നടേശന് ഈഴവരിലെ സമ്പന്നവിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതേസമയം സമുദായത്തിലെ പാവപ്പെട്ടവരെല്ലാം എല്‍ഡിഎഫിനോടൊപ്പമാണ്. സംസ്ഥാനസര്‍ക്കാരിനെതിരായ വിധിയെഴുത്തായിരിക്കും തെരഞ്ഞടുപ്പില്‍ ഉണ്ടാകുക.
സര്‍ക്കാരിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വിഎസുണ്ടാകും. വിഎസും സിപിഎമ്മും ചേര്‍ന്ന് യുഡിഎഫിനെ നിലംപരിശാക്കുമെന്നും കോടിയേരി പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് സി. വിമല്‍കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഡി. ജയകൃഷ്ണന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: