ഇടുക്കി: ഗോത്രവര്‍ഗക്കാര്‍ മാത്രം താമസിക്കുന്ന പഞ്ചായത്തായ ഇടമലക്കുടിയില്‍ ശക്തമായ മത്സരത്തിനാണ് ബിജെപി നേതൃത്വം നല്‍കുന്നത്. ഇവിടെയുള്ള 1813 വോട്ടര്‍മാരില്‍ 400 പേര്‍ ബിജെപിയുടെ അംഗങ്ങളാണ്. പഞ്ചായത്തിലെ 13 വാര്‍ഡുകളില്‍ എട്ടിടത്താണ് ബിജെപി മത്സരിക്കുന്നത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആണ്ടവന്‍കുടി, പരപ്പയാര്‍ക്കുടി, എന്നിവിടങ്ങളില്‍ ഒരു വോട്ടിനും, ഇഡ്ഡലിപ്പാറക്കുടിയില്‍ രണ്ട് വോട്ടിനുമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇവിടെ മൂന്ന് വാര്‍ഡുകളില്‍ ബിജെപി ഒന്നാമതെത്തിയിരുന്നു. ഇത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വിജയ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.
ബിജെപി മത്സരിക്കുന്ന എട്ട് വാര്‍ഡുകളില്‍ പൂര്‍ണമായും വിജയ പ്രതീക്ഷയാണുള്ളതെന്ന് തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായ ബിജെപി ദേവികുളം നിയോജകമണ്ഡലം പ്രസിഡന്റ് വി.എന്‍. സുരേഷ് പറഞ്ഞു. മൂന്നാറില്‍ നിന്ന് പെട്ടിമുടി വരെ വാഹനത്തിലെത്തിയതിന് ശേഷം 16 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് വേണം ഇടമലക്കുടി പഞ്ചായത്തിലെ നൂറടിക്കുടിയിലെത്താന്‍.
പെട്ടിമുടിയില്‍ നിന്ന് ഇടമലക്കുടി പഞ്ചായത്തിന്റെ ആസ്ഥാനമായ സൊസൈറ്റിക്കുടിയിലെത്തണമെങ്കില്‍ 10 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിക്കണം. ജില്ലയില്‍ പട്ടികവര്‍ഗ്ഗ വനിതകള്‍ക്കും പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മാത്രമായി സംവരണം ചെയ്തിരിക്കുന്ന ഏക പഞ്ചായത്ത് ഇടമലക്കുടിയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പാണ് ഇടമലക്കുടിയില്‍ പഞ്ചായത്ത് രൂപീകരിക്കുന്നത്. അതിന് മുമ്പുവരെ കുറച്ച് ബൂത്തുകളേ ഉണ്ടായിരുന്നുള്ളൂ. റേഡിയോയിലൂടെയാണ് കുടിക്കാര്‍ പുറലോകത്തുള്ള വിവരങ്ങള്‍ അറിയുന്നത്.
















