പാലക്കാട്: ബിജെപി സ്ഥാനാര്‍ത്ഥിക്ക് മൂന്നംഗ സംഘത്തത്തിന്റെ വധ ഭീഷണി. പാലക്കാട് നഗരസഭ പറക്കുന്നം പതിനാറാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയും നൂറണി സ്വദേശിയുമായി കെ. ഷാബിറക്കെതിരെയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാല്‍ കൊല്ലുമെന്ന വധഭീഷണി. പ്രചാരണത്തിനിടെ ബൈക്ക് കയറ്റി കൊല്ലാന്‍ ശ്രമം നടത്തുകയും ചെയ്തു ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നലകിയതായി ബിജെപി ജില്ലാ പ്രസിഡണ്ട് സി. കൃഷ്ണകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രചാരണത്തിനിറങ്ങിയ ആദ്യദിവസം തന്നെ ഇത് ലീഗിന്റെ വാര്‍ഡാണെന്നും ബിജെപിക്കായി വോട്ട് ചോദിക്കാന്‍ വരുതെന്നും, വന്നാല്‍ കൈയും കാലും വെട്ടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി ഷാബിറ പറഞ്ഞു. അടുത്തദിവസം പ്രചാരണത്തിനിറങ്ങിയപ്പോള്‍ ഇനി ഇവിടെ വന്നാല്‍ കൊന്നുകളയുമെന്നായിരുന്നു മൂന്നംഗസംഘം ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പ്രചരണം നടത്തുന്നതിനിടെ ബൈക്കില്‍ എത്തിയ സംഘം ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നുവെന്നും ഷാബിറ പറഞ്ഞു.
എന്നാല്‍ അക്രമസംഭവവുമായി ബന്ധപ്പെട്ട് ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടയെ കുറ്റപ്പെടുത്തുന്നില്ലെന്നും പ്രതികളെ കുറിച്ച് പോലിസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. നടപടിയെടുക്കേണ്ടത് പോലീസും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ്. ആരുടെയെങ്കിലും ഭീഷണികൊണ്ട് പിന്‍മാറില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ദേശീയസമിതിയംഗം എന്‍.ശിവരാജന്‍, പി.സാബു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
















