കൊട്ടാരക്കര: ‘ഞാന്‍ ബാലന്‍. താമരക്കുടി മൂന്നാംവാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ്. എല്ലാവരും വോട്ട് ചെയ്യണം, അനുഗ്രഹിക്കണം.’ പുഞ്ചിരിയോടെ ബാലന്‍ എല്ലാവരെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ച് ഓടുകയാണ്. വോട്ടര്‍മാര്‍ക്കും അറിയാം ബാലന്റെ ഓട്ടത്തിന് പിന്നിലെ രഹസ്യവും പുഞ്ചിരിയുടെ പിന്നിലെ കദനകഥയും.
വോട്ടര്‍മാരെ ഒരുതവണ നേരില്‍ കണ്ടിട്ട് വേണം അന്നത്തെ അന്നത്തിന് വഴി തേടി ഉപജീവനമാര്‍ഗമായ ഓട്ടോയുമായി നിരത്തിലിറങ്ങാന്‍. ഇല്ലെങ്കില്‍ വീട്ടടുപ്പില്‍ തീപുകയില്ല. തീപുകഞ്ഞില്ലെങ്കില്‍ ഏഴുവയറുകള്‍ പട്ടിണിയിലാവും. ഇതാണ് താമരക്കുടിക്കാരുടെ സ്വന്തം ബാലന്‍. താമസമോ കുടിലിലെന്ന് പോലും പറയാന്‍ കഴിയാത്ത ഒറ്റമുറി. സമീപത്തെ പുളിവാകയില്‍ ടാര്‍പ്പാളിന്‍കെട്ടിയാണ് മേല്‍ക്കൂര. കാറ്റ് ഒന്ന് ആഞ്ഞു വീശിയാല്‍ ബാലനും ഓടും വീട്ടിലേക്ക്. കാരണം അച്ഛനും അമ്മയും നാലുസഹോദരങ്ങളും തന്റെ കൊട്ടാരത്തിലുണ്ട്.
എന്തെങ്കിലും പറ്റിയാല്‍ ബാലന് അത് ഓര്‍ക്കാന്‍ പോലും കഴിയില്ല. രണ്ട് സഹോദരന്‍മാരാണ് ബാലന്. ഒരാള്‍ വാഹനാപകടത്തില്‍ ഒരുകാല്‍ നഷ്ടപ്പെട്ടും മറ്റൊരാള്‍ ചെറുപ്രായത്തിലെ ബ്ലഡ് ഷുഗര്‍ ബാധിച്ച് ഗുരുതരാവസ്ഥയിലും കുടിലില്‍ തന്നെയാണ്. കൂലിപ്പണിക്ക് പോയി ബാലനെ സഹായിച്ചിരുന്ന അമ്മയും വാതരോഗം പിടിപെട്ട് കിടപ്പിലായി. രണ്ട് സഹോദരിമാര്‍ പ്ലസ്ടുവിന് പഠിക്കുന്നു.
അച്ഛന് കൂലിപ്പണി ചെയ്ത് കിട്ടുന്ന ചെറിയ വരുമാനമാണ് കുടുബത്തിന്റെ മറ്റൊരു വരുമാനമാര്‍ഗം. അദ്ധ്വാനിച്ച് ഒരു ഓട്ടോ വാങ്ങി സ്വയം ഓടിച്ചിരുന്ന ബാലന് സഹോദരങ്ങളുടെ ചികിത്സക്കായി എല്ലാം വില്‍ക്കേണ്ടിവന്നു. എന്നുമാത്രമല്ല ഭാരിച്ച ബാധ്യതകളും ഏല്‍ക്കേണ്ടി വന്നു. ബാലന്റെ ഇപ്പോഴത്തെ ദുഖം പ്രായപൂര്‍ത്തിയായ തന്റെ സഹോദരിമാര്‍ക്ക് കിടന്നുറങ്ങാന്‍ അടച്ചുറപ്പുള്ള ഒരു വീടില്ല എന്നതാണ്. ഭരണക്കാര്‍ സ്വന്തക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ തീറെഴുതുമ്പോള്‍ ബാലനെ പോലുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് ഇന്നും അന്തിയുറങ്ങാന്‍ വീടില്ല.
താന്‍ മത്സരിക്കുന്നതും ഈ അവസ്ഥ മാറ്റാനാണെന്ന് ബാലന്‍ വ്യക്തമാക്കുന്നു. ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ട കൈകളില്‍ എത്തണം. എന്നാല്‍ മാത്രമെ സമൂഹം നന്നാവൂ എന്നതാണ് ബാലന്റെ പക്ഷം. ഇതൊക്കെയാണങ്കിലും ബാലന്‍ തളരാന്‍ ഒരുക്കമല്ല.
സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ താമരക്കുടിയിലെ അമരക്കാരന്‍, യുവമോര്‍ച്ചയുടെ കൊട്ടാരക്കര മണ്ഡലം കണ്‍വീനര്‍, ബിഎംഎസ് ഓട്ടോതൊഴിലാളി യൂണിയന്‍ കണ്‍വീനര്‍, അയ്യപ്പസേവാസംഘം യൂണിറ്റ് പ്രസിഡന്റ്, ഹിന്ദുഐക്യവേദിയുടേയും കൈരളി സാംസ്‌കാരിക ക്ലബ്ബിന്റേയും സജീവപ്രവര്‍ത്തകന്‍ ഇങ്ങനെ നീളുന്നു ബാലന്റെ വ്യക്തിമുദ്രകള്‍.
മുന്നണികളുടെ വികസനമുരടിപ്പിനും പ്രീണനരാഷ്‌ട്രീയത്തിനും ബാലന് വേറെ ഉദാഹരണങ്ങള്‍ വോട്ടര്‍മാരോട് പറയേണ്ടതില്ല. സ്വന്തം ജീവിതകഥ തന്നെ ധാരാളം. മൈലം പഞ്ചായത്ത് ഭരണത്തിലേക്ക് എത്തികഴിഞ്ഞ ബിജെപിക്ക് കരുത്തുപകരാന്‍ ബാലനും അവര്‍ക്കൊപ്പമുണ്ടാകുമെന്നാണ് പ്രദേശവാസികളുടെ വിശ്വാസം.
















