കൊച്ചി: പട്ടിക ജാതി- വര്‍ഗ്ഗക്കാര്‍ക്ക് അനുവദിച്ച വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റിയിലെ 24, 36 വാര്‍ഡ്കളില്‍ മൂന്ന് തലമുറ മുമ്പ് ക്രൈസ്തവരിലേക്ക് മതംമാറ്റപ്പെട്ടവരെയാണ് എല്‍ഡിഎഫും,യുഡിഎഫും സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കുന്നതെന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി 24 ാം വാര്‍ഡില്‍ മത്സരിക്കുന്ന തിട്ടറരാജന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇത്തരം വാര്‍ത്തകള്‍ പുറത്ത് വരാതിരിക്കാന്‍ ഇരുമുന്നണികളും യോജിച്ച് ശ്രമിച്ചതോടെ കോടതിയെ സമീപിക്കയല്ലാതെ നിവര്‍ത്തയില്ലെന്ന് വന്നിരിക്കയാണ്. ക്രിസ്ത്യന്‍ കുറിച്യ എന്നാണ് ജാതിയുടെ കോളത്തില്‍ ചേര്‍ത്തിട്ടുള്ളത്. ഇത്തരം ജാതി സംവരണ ലീസ്റ്റില്‍ പെടുന്നില്ലെന്ന് കാണിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് സ്ഥാനാര്‍ത്ഥി പത്രസമ്മേളനത്തില്‍ ആരോപിച്ചു. 35 ജാതികളെയാണ് സംവരണ ലിസ്റ്റില്‍ ഉല്‍പ്പെടുത്തിയിട്ടുള്ളത്.
റിട്ടേണിംഗ് ഓഫീസര്‍ മുന്നണികള്‍ക്ക് വേണ്ടി നിലകൊണ്ടതിനാല്‍ പരാതിക്ക് രസീത് പോലും നല്‍കാതെ തള്ളിക്കളഞ്ഞു. തര്‍ക്കം നിലനില്‍ക്കുന്ന കാര്യത്തില്‍ തെളിവുകള്‍ സമര്‍പ്പിച്ചാല്‍ തള്ളിക്കളയാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ പരാതി വായിച്ച് പോലും നോക്കാതെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കുകയായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിക്കും .
24-ാം വാര്‍ഡില്‍ നിന്ന് മത്സരിക്കുന്നയുഡിഎഫ് സ്ഥാനാര്‍ത്ഥി സ്റ്റെര്‍വിന്‍ സ്റ്റാന്‍ലിയും 36-ാം വാര്‍ഡില്‍ നിന്ന് മത്സരിക്കുന്ന ലിസ്സി ജോസ് എല്‍ഡിഎഫുമാണ് ആദിവാസികളുടെ പേരില്‍ മത്സരിക്കുന്ന ക്രൈസ്തവരെന്ന് തിട്ടറരാജന്‍ പറഞ്ഞു.
















