ഇത് നാണക്കേടാണ്… മത്സരാര്‍ത്ഥികള്‍ക്ക് വസ്ത്രം മാറാനുള്ള സൗകര്യം പോലും തയ്യാറാക്കാതെ സംഘാടകര്‍ മുങ്ങിനടക്കുമ്പോള്‍ പാടുപെടുന്നത് പെണ്‍കുട്ടികളായ മത്സരാര്‍ത്ഥികളും രക്ഷിതാക്കളും. അമ്പത്താറാമത് സ്‌കൂള്‍ കലോത്സവം മൂന്നാം ദിവസം പിന്നിടുമ്പോഴും വേദികളില്‍ പോലും പ്രാഥമിക സൗകര്യം ഒരുക്കുന്നതില്‍ സംഘാടക സമിതി പരാജയപ്പെട്ടിരിക്കുകയാണ്.
പ്രധാനവേദിയായ പുത്തരിക്കണ്ടം മൈതാനിയിലെ ‘ചിലങ്കയില്‍’ വേദിക്ക് പിറകില്‍ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയു കൂട്ടമാണ്. നൃത്തയിനങ്ങള്‍ തിളങ്ങിയാടുമ്പോള്‍ പിറകില്‍ നെഞ്ചിടിപ്പോടെ രക്ഷിതാക്കള്‍ കാത്തു നില്‍ക്കും. വേദിയ്‌ക്ക് പിന്നിലെ ഒരു ഗ്രീന്‍ റൂമിനും വാതിലില്ല. വാതിലില്ലാത്ത ഗ്രീന്‍ റൂമുകളില്‍ മറപിടിക്കല്‍ തകൃതി.
മത്‌സരാര്‍ത്ഥി വസ്ത്രം മാറാന്‍ ആരെങ്കിലും ബെഡ്ഷീറ്റോ മുണ്ടോ മറപിടിക്കണം. കുറ്റമറ്റ സംഘാടനം എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ മേനിപറച്ചില്‍. പക്ഷെ മത്‌സരാര്‍ത്ഥിക്ക് വസ്ത്രം മാറാന്‍ അച്ഛന്‍ ബെഡ്ഷീറ്റ് മറ പിടിക്കേണ്ട ഗതികേടാണ്. നാണം മറയ്‌ക്കാന്‍ അവര്‍ പെടാപാടു പെടുമ്പോള്‍ സംഘാടകര്‍ മുങ്ങി നടക്കുകയാണ്.
















