മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൡന്റെ ആദ്യപാദ പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന് മികച്ച വിജയം. ഇന്നലെ പുലര്‍ച്ചെ സമാപിച്ച മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജര്‍മ്മന്‍ ക്ലബ് ഷാല്ക്കെയെയാണ് റയല്‍ പട മുട്ടുകുത്തിച്ചത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഗോള്‍ കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച സൂപ്പര്‍താരം ക്രിസ്റ്റിയാനോയുടെ ബൂട്ട് വീണ്ടും ഗോള്‍ നേടിയതാണ് മത്സരത്തിലെ സവിശേഷത.
കളിയുടെ 26-ാം മിനിറ്റിലാണ് റൊണാള്‍ഡോയുടെ ഗോള്‍. 79-ാം മിനിറ്റില്‍ മാഴ്സലോയാണ് റയലിന്റെ രണ്ടാം ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ പത്താം വിജയമാണ് റയല്‍ ഇന്നലെ പുലര്‍ച്ചെ സ്വന്തമാക്കിയത്. 2013-ല്‍ ബയേണ്‍ മ്യൂണിക്ക് സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമെത്താനും റയലിന് കഴിഞ്ഞു.
കളിയുടെ 61 ശതമാനവും പന്ത് കൈവശംവെച്ച റയല്‍ മികച്ച പ്രകടനമാണ് നടത്തിയത്. തുടക്കം മുതല്‍ എതിര് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയ റൊണാള്‍ഡോയും ബെയ്ലും ബെന്‍സേമയും ഉള്‍പ്പെട്ട റയല്‍ താരനിര 26-ാം മിനിറ്റില്‍ ലീഡ് നേടുകയും ചെയ്തു. ഡാനിയേല്‍ കാര്‍വാജല്‍ നല്കിയ ക്രോസാണ് ക്രിസ്റ്റിയാനോ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ഷാല്‍ക്കെ വലയിലെത്തിച്ചത്.
ചാമ്പ്യന്‍സ് ലീഗില്‍ 58 മത്സരങ്ങളില്‍ നിന്നായി റൊണാള്‍ഡോയുടെ 58-ാം ഗോളായിരുന്നു ഇത്. ഇതിന് തൊട്ടുമുന്‍പ് ഷാല്‍ക്കെയുടെ ക്ലാസ് ഹണ്ട്ലറുടെ ഒരു ഷോട്ട് റയല്‍ ഗോളി ഇകര്‍ കസീയസ് തടുത്തിരുന്നു. 31-ാം മിനിറ്റില്‍ റയല്‍താരം ടോണി ക്രൂസിന്റെ പാസില്‍ നിന്ന് കരിം ബെന്‍സേമ പായിച്ച വലംകാലന്‍ ഷോട്ട് ഷാല്‍ക്കെ ഗോളി രക്ഷപ്പെടുത്തി. 35-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഒരു ഷോട്ടും ഷാല്‍ക്കെ ഗോളി ഉജ്ജ്വലമായി രക്ഷപ്പെടുത്തി.
രണ്ടാം പകുതിയില്‍ സമനില ഗോളിനായി ഷാല്‍ക്കെയും ലീഡ് ഉയര്‍ത്താന്‍ റയലും ആക്രമിച്ചുകളിച്ചതോടെ മത്സരം ആവേശകരമായി. 62-ാം മിനിറ്റില്‍ ഷാല്‍ക്കെയുടെ കെവിന് പ്രിന്‍സ് ബോട്ടെംഗ് അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ 69-ാം മിനിറ്റില്‍ ബോട്ടെംഗിന് മുന്നില്‍ കസിയസ് വിലങ്ങുതടിയായി. തൊട്ടുപിന്നാലെ റയലിന്റെ ഇസ്കോയുടെ ഷോട്ടും ലക്ഷ്യം തെറ്റി പറന്നു. എന്നാല്‍ 79-ാം മിനിറ്റില്‍ കളിയിലെ രണ്ടാം ഗോള്‍പിറന്നു.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ നല്കിയ പാസ് പിടിച്ചെടുത്ത് ബോക്സിന് പുറത്തുനിന്ന് മാഴ്സെലോ പറത്തിയ ബുള്ളറ്റ് ഷോട്ടാണ് ഷാല്‍ക്കെ വലയില്‍ കയറിയത്. പിന്നീട് അവസാന മിനിറ്റുകളില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ റയലിനോ ആശ്വാസഗോള്‍ നേടാന്‍ ഷാല്ക്കെക്കോ കഴിഞ്ഞില്ല. ലീഗിലെ രണ്ടാം പാദ മത്സരം മാര്‍ച്ച് 10ന് സാന്റിയാഗോ ബെര്ണാബ്യൂവില് നടക്കും.
മറ്റൊരു മത്സരത്തില്‍ എഫ്സി ബാസലും എഫ്സി പോര്‍ട്ടോയും തമ്മില്‍ സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. ഷൂട്ടിംഗിലെ പിഴവാണ് പോര്‍ട്ടോക്ക് വിജയം നിഷേധിച്ചത്. കളിയില്‍ ആധിപത്യം പുലര്‍ത്തിയതും കൂടുതല്‍ തവണ ഷോട്ടുകള്‍ പായിച്ചതും പോര്‍ട്ടോ താരങ്ങളായിരുന്നു. അവര്‍ ഉതിര്‍ത്ത 15 ഷോട്ടുകളില്‍ ഏഴെണ്ണം ലക്ഷ്യത്തിലേക്കായിരുന്നെങ്കിലും ബാസല്‍ ഗോളിയെ കീഴ്പ്പെടുത്താനുള്ള കരുത്ത് അവയ്ക്കുണ്ടായിരുന്നില്ല. അതേസമയം ബാസല്‍ താരങ്ങള്‍ക്ക് ഒരേയൊരു ഷോട്ട് മാത്രമാണ് എതിര് പോസ്റ്റിലേക്ക് പായിക്കാന്‍ കഴിഞ്ഞത്. അതേസമയം പലപ്പോഴും പരുക്കനായി മാറിയ കളിയില്‍ ഒമ്പത് തവണയാണ് റഫറി മാഞ്ഞക്കാര്ഡ് പുറത്തെടുത്തത്.
എന്നാല്‍ കളിയുടെ ഗതിക്കെതിരായി 11-ാം മിനിറ്റില്‍ ബാസലാണ് ആദ്യം ഗോള്‍ നേടിയത്. ഫാബിയന്‍ ഫ്രെ ഒരുക്കിക്കൊടുത്ത അവസരത്തില്‍ നിന്ന് ഡെര്‍ലിസ് ഗൊണ്‍സാലസാണ് ഗോള്‍ നേടിയത്. ഈ ഒരു ഗോളിന് ആദ്യപകുതിയില്‍ ബാസല്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു. പിന്നീട് കളിയുടെ 79-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് പോര്‍ട്ടോ സമനില വഴങ്ങിയത്. ബോക്സിനുള്ളില്‍ നിന്ന് വാള്‍ട്ടര്‍ സാമുവല്‍ പന്ത് കൈകൊണ്ട് തൊട്ടതിനാണ് പോര്‍ട്ടോക്ക് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത ഡാനിലോ ലക്ഷ്യം തെറ്റാതെ പന്ത് വലയിലെത്തിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: