വെല്ലിഗ്ടണ്: പന്തുകൊണ്ട് ടിം സൗത്തിയും ബാറ്റുകൊണ്ട് ബ്രണ്ടന്‍ മക്കല്ലവും താണ്ഡവമാടിയ മത്സരത്തില്‍ ഇംഗ്ലണ്ടിന് നാണംകെട്ട തോല്‍വി. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം വെറും 12.2 ഓവറില്‍ മറികടന്നാണ് ന്യൂസിലാന്റ് അതിഗംഭീര വിജയം സ്വന്തമാക്കിയത്. ഈ ലോകകപ്പില്‍ ന്യൂസിലാന്റിന്റെ തുടര്‍ച്ചയായ മൂന്നാം വിജയവും ഇംഗ്ലണ്ടിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമാണ്. വിജയത്തോടെ ന്യൂസിലാന്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കുകയും ചെയ്തു.
ടിം സൗത്തിയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവും ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ചുറിയുമാണ് കിവീസിന് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ന്യൂസിലാന്റ് ശ്രീലങ്കയെയും സ്കോട്ട്ലാന്റിനെയും തോല്പിച്ചിരുന്നു. ഇംഗ്ലണ്ട് ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് പരാജയമേറ്റുവാങ്ങിയിരുന്നു. സൗത്തിയാണ് മാന്‍ ഓഫ് ദി മാച്ച്.
18 പന്തുകളില്‍ നിന്ന് അര്‍ദ്ധസെഞ്ചുറി തികച്ച മക്കല്ലം 25 പന്തുകളില്‍ നിനന് 75 റണ്‍സ് നേടിയാണ് മടങ്ങിയത്. ഏഴ് സിക്സറുകളും 8 ബൗണ്ടറികളും ഇന്നിംഗ്സിന് ചാരുതയേകി. ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധസെഞ്ചുറി നേടുന്ന താരമെന്ന ബഹുമതിയും മക്കല്ലം ഇതോടെ സ്വന്തമാക്കി. 9 ഓവറില്‍ വെറും 33 റണ്‍സ് വഴങ്ങി ഏഴ് ഇംഗ്ലീഷ് വിക്കറ്റുകള്‍ പിഴുത ടിം സൗത്തിയുടേത് ലോകകപ്പിലെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണ്. ന്യൂസിലാന്റ് ബൗളറുടെ ഏറ്റവും മികച്ചതും.
നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 18 റണ്‍സുള്ളപ്പോള്‍ ഇയാന്‍ ബെല്ലിനെ (8) ബൗള്‍ഡാക്കിയാണ് സൗത്തി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നീട് സ്കോര്‍ 36 റണ്‍സിലെത്തിയപ്പോള്‍ 20 റണ്‍സെടുത്ത മോയിന്‍ അലിയും സൗത്തിയുടെ പന്തില്‍ ബൗള്‍ഡായി. സ്കോര്‍ 57-ല്‍ എത്തിയപ്പോഹ 10 റണ്‍സെടുത്ത ബല്ലാന്‍സിനെ ബൗള്‍ട്ട് വില്ല്യംസണിന്റെ കൈകളിലെത്തിച്ചു.
നാലാം വിക്കറ്റില്‍ ജോ റൂട്ടും മോര്‍ഗനും ഒത്തുചേര്‍ന്നതോടെ ഇംഗ്ലണ്ട് തിരിച്ചുവരവിന്റെ ലക്ഷണം പ്രകടിപ്പിച്ചു. എന്നാല്‍ സ്കോര്‍ബോര്‍ഡില്‍ 104 റണ്‍സായപ്പോള്‍ 17 റണ്‍സെടുത്ത മോര്‍ഗനെ വെട്ടോറി മില്‍നെയുടെ കൈകളിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച പൂര്‍ണമാവുകയും ചെയ്തു. പിന്നീടുള്ള ആറ് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായത് 19 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ്. പിന്നീടാണ് സൗത്തിയുടെ താണ്ഡവത്തിന് വെല്ലിംഗ്ടണിലെ വെസ്റ്റ്പാക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ടെയ്ലര് (0), ബട്ട്ലര്‍ (3), വോക്സ് (1), ബ്രോഡ് (4), ഫിന് (0) എന്നിവരാണ് സൗത്തിയുടെ പേസിന് മുന്നില്‍ കീഴടങ്ങിയത്. 46 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയിലെ ടോപ്സ്കോറര്‍.
34-ാം ഓവറിലെ രണ്ടാം പന്തില്‍ ജോ റൂട്ടിനെ മില്‍നെ വെട്ടോറിയുടെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ട് ഇന്നിംഗ്സ് 123 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. 70 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ ഉള്‍പ്പെട്ടതായിരുന്നു റൂട്ടിന്റെ ഇന്നിംഗ്സ്. ഈ ലോകകപ്പിലെ ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. നാല് പേര് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്.
ന്യൂസീലാന്റിനായി മില്‍നെ, വെട്ടോറി, ബൗള്‍ട്ട് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്റ് തുടക്കത്തിലേ തങ്ങളുടെ തീരുമാനം വ്യക്തമാക്കി. മാര്ട്ടിന് ഗുപ്റ്റിലിനെ സാക്ഷിയാക്കിനിര്‍ത്തി മക്കല്ലം വെടിക്കെട്ടിന് തിരികൊളുത്തിയതോടെ ന്യൂസിലാന്റ് സ്കോറിംഗിന് വായുവേഗം കൈവന്നു. ആന്ഡേഴ്സണ് എറിഞ്ഞ ആദ്യ ഓവറില്‍ 9 റണ്‍സ് മാത്രമാണ് ന്യൂസിലാന്റ് നേടിയത്. എന്നാല്‍ ബ്രോഡ് എറിഞ്ഞ രണ്ടാം ഓവര്‍ മുതല്‍ കളിയുടെ മക്കല്ലം മാറ്റിമറിച്ചു. ആദ്യ പന്ത് സിക്സറിന് പറത്തിയ മക്കല്ലം രണ്ടും മൂന്നും പന്തുകളില്‍ റണ്ണെടുത്തില്ല. എന്നാല്‍ അവസാന മൂന്നുപന്തുകളും ബൗണ്ടറിയിലേക്ക് പറത്തി. ആന്ഡേഴ്സണ് എറിഞ്ഞ മൂന്നാം ഓവറില്‍ 10 റണ്‍സാണ് മക്കല്ലവും ഗുപ്റ്റിലും ചേര്‍ന്ന് നേടിയത്.
നാലാം ഓവര്‍ എറിയാന്‍ ബ്രോഡിന് പകരം ഫിന്നിനെ കൊണ്ടുവന്നു. രണ്ട് സിക്സറും രണ്ട് ഫോറും ഉള്‍പ്പെടെ 20 റണ്‍സാണ് മക്കല്ലം ഈ ഓവറില്‍ അടിച്ചുകൂട്ടിയത്. 3.4 ഓവറില്‍ ന്യൂസിലാന്റ് സ്കോര്‍ 50 പിന്നിടുകയും ചെയ്തു.
ആന്ഡേഴ്സണ് എറിഞ്ഞ അഞ്ചാം ഓവറിലും 10 ന്യൂസിലാന്റ് നേടി. എന്നാല്‍ ഫിന്നിന്റെ അടുത്ത ഓവര്‍ താരം ഒരിക്കലും മറക്കാത്ത ഒന്നായി. അവസാന നാല് പന്തുകള്‍ അതിര്‍ത്തിക്ക് പുറത്തേക്ക് മക്കല്ലം പറത്തിയപ്പോള്‍ ആദ്യ പന്തില്‍ ഗുപ്റ്റില്‍ ഫോറും രണ്ടാം പന്തില്‍ ഒരു റണ്‍സുമെടുത്തു. ഈ ഓവറില്‍ 29 റണ്‍സാണ് പിറന്നത്. രണ്ട് ഓവറില്‍ നിന്ന് ഫിന് വഴങ്ങിയത് ആകെ 49 റണ്‍സും.
വെറും 40 പന്തുകളില്‍ നിന്നാണ് ന്യൂസിലാന്റ് സ്കോര്‍ 100 കടന്നത്. സ്കോര്‍ 7.1 ഓവറില്‍ 105 റണ്‍സിലെത്തിയപ്പോഴാണ് ഇംഗ്ലണ്ടിന് ആശ്വാസമായി ആദ്യ വിക്കറ്റ് വീണത്. വോക്സിന്റെ ഒരു ഫുള്‍ടോസ് പന്തിനെ അതിര്‍ത്തികടത്താനുള്ള മക്കല്ലത്തിന്റെ ശ്രമം പാളുകയും ബൗള്‍ഡാവുകയുമായിരുന്നു.
സ്കോര്‍ 112-ല്‍ എത്തിയപ്പോള്‍ 22 റണ്‍സെടുത്ത ഗുപ്റ്റിലിനെയും വോക്സ് ബൗള്‍ഡാക്കി. പിന്നീട് കീന്‍ വില്ല്യംസണും (9), റോസ് ടെയ്ലറും (5) ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ 226 പന്തുകള്‍ ബാക്കിനില്‍ക്കെ ന്യൂസിലാന്റിനെ വിജയത്തിലേക്ക് നയിച്ചു. ന്യൂസിലാന്റിന്റെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് വോക്സാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: