ക്രൈസ്റ്റ്ചര്‍ച്ച്: പാക്കിസ്ഥാനെ ചുട്ടെരിച്ച് കരീബിയന്‍ പട ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തില്‍ 150 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് വെസ്റ്റിന്‍ഡീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 311 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന പാക്കിസ്ഥാന് 39 ഓവറില്‍ 160 റണ്‍സിന് ഓള് ഒട്ടായി.
സ്കോര്‍ബോര്‍ഡ് തുറക്കും മുന്നേ ആദ്യ വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാന് ഒരു റണ്‍സായപ്പോഴേക്കും നാല് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് നാലിന് ഒന്ന് എന്ന നിലയില്‍ നിന്ന് അഞ്ചിന് 25 എന്ന നിലയിലേക്ക് തകര്‍ന്നടിഞ്ഞതോടെ സ്കോര്‍ നൂറുറണ്‍സ് പോലും കടക്കില്ലെന്ന് കരുതിയതാണ്. എന്നാല്‍ സുഹൈബ് മസൂദിന്റെയും (50) ഉമര്‍ അക്മലിന്റെയും (59) ഷാഹിദ് അഫ്രീദിയുടെ (28)യും ബാറ്റിംഗാണ് പാക് സ്കോര്‍ 160-ല്‍ എത്തിച്ചത്. ഈ മൂന്നുപേരൊഴികെ മറ്റാരും പാക് നിരയില്‍ രണ്ടക്കം തികച്ചതുമില്ല.
42 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയും മൂന്ന് പാക് വിക്കറ്റുകള്‍ പിഴുതെറിയുകയും ചെയ്ത വിന്‍ഡീസിന്റെ ആന്ദ്രെ റസ്സലാണ് മാന്‍ ഓഫ് ദി മാച്ച്. പാക്കിസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം പരാജയമാണിത്. ആദ്യ മത്സരത്തില്‍ അവര്‍ ഇന്ത്യയോടും പരാജയപ്പെട്ടിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ അയര്‍ലന്റിനോടേറ്റ അപ്രതീക്ഷിത പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട വിന്‍ഡീസ് ഇന്നലെ തങ്ങളുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനം നടത്തിയാണ് പാക്കിസ്ഥാനെ കൂട്ടക്കുരുതി നടത്തിയത്.
പാക് ഇന്നിംഗ്സിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ നസിര്‍ ജംഷാദിനെയും (0) അവസാന പന്തില്‍ യൂനിസ് ഖാനെയും (0) പുറത്താക്കി ജെറോം ടെയ്ലറാണ് പാക് കൂട്ടക്കുരുതിക്ക് തുടക്കമിട്ടത്. പിന്നീട് തന്റെ രണ്ടാമത്തെ ഓവറില്‍ ഹാരിസ് സൊഹൈലിനെയും ടെയ്ലര് പൂജ്യനാക്കിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ ജാസണ്‍ ഹോള്‍ഡര്‍ അഹമ്മദ് ഷെഹ്സാദിനെ (1)യും മടക്കി. ഇതോടെ പാക് സ്കോര്‍ നാല് വിക്കറ്റിന് ഒരു റണ്‍സ് എന്ന നിലയിലായി. അഞ്ചാം വിക്കറ്റില്‍ നായകന് മിസ്ബ ഉള് ഹഖും (7) ഷൊഐബ് മഖ്സൂദും ചേര്‍ന്ന് ഇന്നിങ്സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും പതിനൊന്നാം ഓവറിലെ മൂന്നാം പന്തില്‍ പാക് നായകനെ റസ്സല്‍ മടക്കി.
പിന്നീട് ഒത്തുചേര്‍ന്ന ഉമര്‍ അക്മലും മഖ്സൂദും ചേര്‍ന്ന് മെല്ലെ ഇന്നിങ്സ് കെട്ടിപ്പടുത്തു. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 80 റണ്‍സാണ് പാക് സ്കോര്‍ 100 കടത്തിവിട്ടത്. എന്നാല്‍ അര്‍ദ്ധസെഞ്ചുറി തികച്ച ഉടനെ 80 റണ്‍സിന്റെ കൂട്ടുകെട്ട് ഒരുക്കിയെങ്കിലും അര്‍ധ സെഞ്ച്വറി തികച്ചയുടനെ മഖ്സൂദ് സമിയുടെ പന്തില്‍ ബെന്നിന് ക്യാച്ച് നല്കി മടങ്ങി. തുടര്‍ന്ന് ഷാഹിദ് അഫ്രീദിയെ കൂട്ടുപിടിച്ച് ഉമര്‍ അക്മല്‍ ഇന്നിംഗ്സ് മുന്നോട്ട് നീക്കിയെങ്കിലും 31.4 ഓവറില്‍ സ്കോര്‍ 139-ല്‍ നില്‍ക്കേ അക്മലും മടങ്ങി. പാക് ഇന്നിംഗ്സിലെ ടോപ്സ്കോററായ അക്മല്‍ (71 പന്തില്‍ 59) റസ്സലിന്റെ പന്തില്‍ സ്മിത്തിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. പിന്നീട് അഫ്രീദിക്ക് പിന്തുണ നല്കാന് ആരുമുണ്ടായില്ല.
സ്കോര്‍ 155-ല്‍ നില്‍ക്കേ മൂന്ന് റണ്‍സെടുത്ത വഹാബ് റിയാസിനെ റസ്സല്‍ രാംദിന്റെ കൈകളിലെത്തിച്ചു. ഒമ്പതാമനായി 26 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത അഫ്രീദിയും മടങ്ങി. ബെന്നിന്റെ പന്തില്‍ ഹോള്‍ഡര്‍ ക്യാച്ചെടുക്കുകയായിരുന്നു. പിന്നീട് 39-ാം ഓവറിലെ അവസാന പന്തില്‍ ഒരു റണ്‍സെടുത്ത സൊഹൈല്‍ ഖാനെ ബെന്നിന്റെ പന്തില്‍ രാംദിന് പിടികൂടിയതോടെ ദയനീയ പരാജയം പാക്കിസ്ഥാന് ഏറ്റുവാങ്ങി. ജെറോം ടെയ്ലറും ആന്ദ്രേ റസ്സലും വിന്‍ഡീസിനായി മൂന്നും ബെന്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട വിന്‍ഡീസിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. സ്കോര്‍ബോര്‍ഡില്‍ 28 റണ്‍സായപ്പോഴേക്കും ക്രിസ് ഗെയിലിനെയും (4) ഡ്വെയ്ന്‍ സ്മിത്തിനെയും (23) നഷ്ടപ്പെട്ട വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് ബ്രാവോയും (49 റിട്ടയേര്‍ഡ്) സാമുവല്‍സും (38) ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. 23.1 ഓവറിലാണ് വിന്‍ഡീസ് സ്കോര്‍ 100 കടന്നത്. സ്കോര്‍ 103-ല്‍ എത്തിയപ്പോള്‍ സാമുവല്‍സിനെ നഷ്ടമായി. പിന്നീട് ബ്രാവോയും രാംദിനും ചേര്‍ന്ന് സ്കോര്‍ 152-ല്‍ എത്തിച്ചു. ഇതേസ്കോറില്‍ വച്ച് 49 റണ്‍സെടുത്ത രാംദിന് പേശീവലിവ് മൂലം റിട്ടയര്‍ ചെയ്യതു. 40.5 ഓവറിലാണ് വിന്‍ഡീസ് സ്കോര്‍ 200-ല്‍ എത്തിയത്.
പിന്നീടുള്ള 9.1 ഓവറില്‍ 110 റണ്‍സ് അവര്‍ അടിച്ചുകൂട്ടിയതോടെയാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും മുന്നൂറിന് മേല്‍ നേടാന്‍ വിന്‍ഡീസിന് സാധിച്ചത്.ദിനേശ് രാംദിന് (41 പന്തില്‍ 51), സിമ്മണ്‍സ് (40 പന്തില്‍ 50), ഡാരന്‍ സമി (28 പന്തില്‍ 30), ആന്ദ്രെ റസ്സല്‍ (13 പന്തില്‍ നിന്ന് പുറത്താകാതെ 42) എന്നിവരുടെ ബാറ്റിംഗാണ് വിന്‍ഡീസിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. എട്ടാമനായി ക്രീസിലെത്തിയ റസ്സല്‍ 13 പന്തില്‍ നാല് സിക്സറുകളും മൂന്ന് ഫോറുമുള്‍പ്പെടെയാണ് പുറത്താകാതെ 42 റണ്‍സ് അടിച്ചുകൂട്ടിയത്. പാക്കിസ്ഥാന് വേണ്ടി ഹാരിസ് സൊഹൈല്‍ രണ്ട് വിക്കറ്റുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: