ഓക്ലന്‍ഡ്: ലോകകപ്പ് ക്രിക്കറ്റില്‍ പൂള് എയിലെ മത്സരത്തില്‍ ശക്തരായ ആസ്ട്രേലിയ്ക്കെതിരെ ന്യൂസിലന്‍ഡ് കഷ്ടിച്ച് ജയിച്ചു. ഒരു വിക്കറ്റിനായിരുന്നു ന്യൂസിലന്‍ഡിന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആസ്ട്രേലിയ 32.1 ഓവറില്‍ 151 റണ്‍സിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ന്യൂസിലന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടാണ് ആസ്ട്രേലിയയെ തകര്‍ത്തത്. ദുര്‍ബല വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 23.1 ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ബ്രണ്ടന്‍ മക്കെല്ലം (50), കെയിന്‍ വില്യംസണ് (45) എന്നിവരുടെ ബാറ്റിംഗാണ് കീവികളെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.
നേരത്തെ ബ്രാഡ് ഹാഡിന് (43), ഡേവിഡ് വാര്‍ണര്‍ (34) എന്നിവര്‍ മാത്രമാണ് കീവികളുടെ ബൗളിംഗിനെതിരെ അല്പമെങ്കിലും ചെറുത്ത് നിന്നത്. ടീം സ്കോര്‍ 30ല്‍ നില്‍ക്കെ ആരോണ്‍ ഫിഞ്ചി (14)നെ കുറ്റി തെറിപ്പിച്ച് ടിം സൗത്തി കംഗാരുക്കള്‍ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. രണ്ടാം വിക്കറ്റില്‍ വാര്‍ണറും ഷെയിന്‍ വാട്സനും (23) ചേര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടീംസ്കോര്‍ 80ല്‍ നില്‍ക്കെ വാട്സനെ ഡാനിയല്‍ വെട്ടോറി സൗത്തിയുടെ കൈയിലെത്തിച്ചു ആ കൂട്ടുകെട്ട് പൊളിച്ചു. പതിമൂന്നാം ഓവറിലെ ആദ്യ പന്തില്‍ വാര്‍ണറെ സൗത്തി വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ 80/3 എന്ന നിലയിലേക്ക് ആസ്ട്രേലിയ വീണു. തുടര്‍ന്ന് വന്ന മൈക്കല്‍ ക്ളാര്‍ക്ക് (12), സ്റ്റീവന്‍ സ്മിത്ത് (4), ഗ്ളെന്‍ മാക്സ്വെല് (1), മിച്ചേല്‍ മാര്‍ഷ്(0) എന്നിവര്‍ കാര്യമായ സംഭാവനയില്ലാതെ മടങ്ങിയതോടെ ആസ്ട്രേലിയ കരകയറാനാവാത്ത വിധം തകര്‍ച്ചയിലേക്ക് വീണു. പത്താം വിക്കറ്റില്‍ പാറ്റ് കമിന്‍സിനെ (7) കൂട്ടുപിടിച്ച് ഹാഡിന് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ആസ്ട്രേലിയയെ ഈ സ്കോറിലെങ്കിലും എത്തിച്ചത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡിന് ബ്രണ്ടന്‍ മക്കെല്ലം മികച്ച തുടക്കം നല്കി. ഭക്ഷണത്തിന് പിരിയുന്പോള്‍ മൂന്ന് 79 എന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ്. എന്നാല്‍ ഊണിനു ശേഷം തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട ന്യൂസിലന്‍ഡ് എട്ടിന് 146 എന്ന നിലയിലേക്ക് തകര്‍ന്നു. നാല് ബാറ്റ്സ്മാന്മാര് പൂജ്യത്തിന് പുറത്തായി. അഞ്ചാം വിക്കറ്റില്‍ വില്യംസണും കോറി ആന്‍ഡേഴ്സനും (26) ചേര്‍ന്ന് നേടിയ 52 റണ്‍സാണ് ന്യൂസിലന്‍ഡിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്.
ആസ്ട്രേലിയയ്ക്കു വേണ്ടി മിച്ചേല്‍ സ്റ്റാര്‍ക്ക് ആറ് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: