ഇടുക്കി: പൂപ്പാറയ്‌ക്ക് സമീപം മാരകായുധങ്ങളുമായെത്തിയ കഞ്ചാവ് മാഫിയ സംഘം നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകളോളം. സംഭവത്തില്‍ 9 പേര്‍ പിടിയിലായെങ്കിലും ശാന്തന്‍പാറ പ്രിന്‍സിപ്പല്‍ എസ്‌ഐ അടക്കം ആറ് പോലീസുകാര്‍ക്കും വീട്ടമ്മയ്‌ക്കും പരിക്കേറ്റു. മുള്ളന്‍തണ്ട് സ്വദേശിനി വിപിആര്‍ ഭവനില്‍ ശകുന്തള (60) നാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 9 മണിയോടെ പൂപ്പാറ മുള്ളന്‍തണ്ടിലാണ് സംഭവങ്ങളുടെ തുടക്കം. കേസില്‍ പിടിയിലായ രാജകുമാരി സ്വദേശി ലിജോ (21)യും സുഹൃത്തും രാവിലെ അമിത വേഗത്തില്‍ ബൈക്കില്‍ പോകുന്നതിനിടെ സമീപവാസിയായ നാരായണനെ ഇടിച്ചിടാന്‍ നോക്കിയിരുന്നു. മക്കള്‍ ഒപ്പം ഉണ്ടായിരുന്നതിനാല്‍ സൂക്ഷിച്ച് പോടാ എന്ന് ഉറക്കെ വിളിച്ച് പറയുകയും തിരിച്ച് മറുപടി പറയുന്നതിനിടെ ബൈക്ക് തെന്നി ലിജോ വീഴുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇവിടെ വാക്കേറ്റം ഉണ്ടാകുകയും ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തിരുന്നു. പിന്നീടിത് പറഞ്ഞ് തീര്‍ത്തെങ്കിലും ഇതിന്റെ വൈരാഗ്യത്തിലാണ് ഉച്ചയ്‌ക്ക് 12 മണിയോടെ സമീപ പ്രദേശങ്ങളിലെ 25 ഓളം ചെറുപ്പക്കാരെയും കൂട്ടിയെത്തി ലിജോയുടെ നേതൃത്വത്തില്‍ വീടാക്രമിച്ചത്. നാരായണന്റെ ഭാര്യ ശകുന്തളയുടെ മുഖത്തിന് ആഞ്ഞിടിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്ക് പരിക്കേറ്റു.
ഒന്‍പത് ബൈക്കുകളിലായാണ് വാള്‍, കമ്പി, മരക്കമ്പ് തുടങ്ങിയ ആയുധങ്ങളുമായി സംഘം സ്ഥലത്തെത്തിയത്. ഇതുകാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സ്ഥലത്ത് ശാന്തന്‍പാറ എസ്‌ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയെങ്കിലും ഇവര്‍ പിരിഞ്ഞ് പോകുവാന്‍ തയ്യാറായില്ല. ലാത്തി വീശി ബലം പ്രയോഗിച്ച് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസിനെ തിരിച്ച് ആക്രമിക്കുകയാണ് ചെയ്തത്.
പിന്നീട് സ്ഥലത്ത് നിന്നും മാറിയ മാഫിയാ സംഘം പലയിടങ്ങളിലായി തമ്പടിച്ച് പോലീസിനെ വെല്ലുവിളിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. പതിനഞ്ചോളം വരുന്ന പോലീസ് സംഘം 9 പേരേയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ബാക്കി ഉള്ളവരെ ഉടന്‍തന്നെ പിടികൂടുമെന്ന് എസ്‌ഐ പറഞ്ഞു. പ്രതികളെല്ലാവരും കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും ഈ ബന്ധമാണ് ആക്രമണത്തിന് എല്ലാവരെയും ഒത്തുകൂടാന്‍ സഹായിച്ചതെന്നും പോലീസ് പറഞ്ഞു.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസുകള്‍ എടുത്തിരിക്കുന്നത്. സംഭവത്തില്‍ ഗുണ്ടാ സംഘത്തിനെതിരെ ശക്തമായ നടപടിയെടുക്കാനാണ് മുകളില്‍ നിന്നുള്ള ഉത്തരവെന്നാണ് പോലീസുകാര്‍ നല്‍കുന്ന വിവരം.
















