പൂച്ചാക്കല്‍: സംസ്ഥാനത്ത് വെറ്ററിനറി ന്യായ വില മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു. പാണാവള്ളി മൃഗാശുപത്രിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് പരീക്ഷ ഉറപ്പുവരുത്താന്‍ പ്രത്യേക പദ്ധതി നടപ്പാക്കും. സഞ്ചരിക്കുന്ന വെറ്ററിനറി ആശുപത്രികളുടെ പ്രവര്‍ത്തനം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ക്ഷീരമേഖലയുടെ പുരോഗതിക്കായി സംഘങ്ങളും ത്രിതല പഞ്ചായത്തുകളും കൈകോര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. എ. എം. ആരിഫ് എംഎല്‍എ അദ്ധ്യക്ഷനായി. സംസ്ഥാന ഡയറക്ടര്‍ എന്‍. എന്‍. ശശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്ഷീരകര്‍ഷകരെയും ക്ഷീര സംഘം സെക്രട്ടറിമാരെയും ജില്ല പഞ്ചായത്ത് അംഗം പി. എം. പ്രമോദ് ആദരിച്ചു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ശെല്‍വരാജ്, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ, വെറ്ററിനറി ജില്ല മെഡിക്കല്‍ ഓഫീസര്‍ സെലിഫിറ്റ പ്രൊട്ടോസിസ്, മേഘവേണു, സിന്ധു ബീവി, ഷീല കാര്‍ത്തികേയന്‍, ഡോ. മനുജയന്‍, കെ. ബൈജു, എം. കെ. ഉത്തമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















