ആലപ്പുഴ: കളര്‍കോട് മുതല്‍ പുറക്കാടു വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളിലും അറവുമാലിന്യങ്ങളും മറ്റു മാലിന്യങ്ങളും ചാക്കില്‍ കെട്ടി ഉപേക്ഷിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് അമ്പലപ്പുഴ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.
വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തെ രൂക്ഷമായ സാമൂഹിക വിരുദ്ധ ശല്യവും ലഹരിമരുന്ന് ഉപയോഗവും അവസാനിപ്പിക്കണം. കാക്കാഴം മേല്‍പ്പാലത്തില്‍ വാഹനാപകടം കൂടുന്നതിനാല്‍ വാഹനങ്ങളുടെ ഓവര്‍ടേക്കിങ് ഒഴിവാക്കി വേഗം കുറച്ചു പോകുന്നതിനു നിര്‍ദേശം നല്‍കുന്ന ബോര്‍ഡുകളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണം.
നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ സ്റ്റോപ്പുകളിലല്ലാതെ ജങ്ഷനുകളിലും വളവുകളിലും നിര്‍ത്തുന്നതിനാല്‍ ഗതാഗത കുരുക്കും വാഹനാപകടവും ഉണ്ടാകുന്നു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ശുചിത്വം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നു.
ഇവരുടെ ആരോഗ്യപരിശോധന നടത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. താലൂക്ക് തലത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നു. ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ് അദ്ധ്യക്ഷയായി.
















