ആലപ്പുഴ: രാജഭരണത്തിന്റെ ഒരു തിരുശേഷിപ്പുകൂടി വിസ്മൃതിയില്‍. ഇന്നുമുതല്‍ എസ്ബിടി ഉണ്ടാകില്ല, പകരം എസ്ബിഐ. ജില്ലയിലെ 77 എസ്ബിടി ശാഖകളാണ് ലയനത്തോടെ ഇല്ലാതാകുന്നത്.
ജില്ലയില്‍ രണ്ടു മേഘലകളാണുള്ളത്. ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകള്‍ ചേര്‍ന്ന മേഘലയും കുട്ടനാട്, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കിലെ അരൂര്‍ ഒഴികെയുള്ള ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ മറ്റൊരു മേഘലയുമാണുള്ളത്. ഇവിടങ്ങളിലായി 77 ശാഖകളാണുള്ളത്. ഉദ്യോഗസ്ഥരടക്കം 1,500 ജീവനക്കാരും. ഇവരും ഇന്നുമുതല്‍ എസ്ബിഐയുടെ ഭാഗമാകും.
ലയനത്തിന്റെ ഭാഗമായി എസ്ബിടി ബ്രാഞ്ചുകളുടെ പേരുകള്‍ മാറും. നിലവില്‍ എസ്ബിടി അക്കൗണ്ടുള്ളവര്‍ സ്വാഭാവികമായും എസ്ബിഐയുടെ ഗുണഭോക്താക്കളാകും. അക്കൗണ്ട് നമ്പരുകളിലോ എടിഎം രഹസ്യ നമ്പരിനോ മാറ്റമുണ്ടാകില്ല. എസ്ബിടിയില്‍ നടത്തിയിരുന്ന എല്ലാ ഇടപാടുകളും ഇവിടെയും തുടരാം. നിലവിലെ എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാം.
വായ്‌പകളുടെയും മറ്റും ഇടപാടുകളും അതുപോലതന്നെ തുടരും. എന്നാല്‍ നെറ്റ് ബാങ്കിങ് സംവിധാനം ശരിയാകാന്‍ രണ്ടാഴ്ചത്തെ കാലതാമസമുണ്ടാകും.
ബാങ്ക് അക്കൗണ്ടുകള്‍ ഇടപാടുകള്‍ എന്നിവ സംബന്ധിച്ചുള്ള മാറ്റങ്ങള്‍ വരുത്തേണ്ട അക്കൗണ്ട് ഉടമകള്‍ ഏപ്രില്‍ രണ്ടാം ശനിയാഴ്ചയും തൊട്ടടുത്ത ഞായറാഴ്ചയുമാണ് ഏകീകരിക്കേണ്ടത്. ലയനവുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
















