ജീവനക്കാരെ പൂട്ടിയിട്ടശേഷം ബസ് തകര്‍ത്ത സംഭവം
പൂച്ചാക്കല്‍: കെഎസ്ആര്‍ടിസി ജീവനക്കാരെ മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷം ബസിന്റെ ചില്ല് തകര്‍ത്തതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച രാത്രി കാല സര്‍വീസ് നാളെ പുനരാരംഭിക്കും. ചേര്‍ത്തലയില്‍ നിന്ന് പുറപ്പെട്ട് അരൂക്കുറ്റിയില്‍ അവസാനിക്കുന്ന ബസിലെ ജീവനക്കാര്‍ താമസിച്ചിരുന്ന മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം കഴിഞ്ഞ എട്ടിനാണ് ബസിന്റെ ചില്ല് തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് അരുക്കുറ്റി സ്വദേശി അനുരാഗിനെ പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജീവനക്കാര്‍ക്ക് സുരക്ഷയൊരുക്കാതെ സര്‍വീസ് പുനരാരംഭിക്കില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍. ഇതിനെ തുടര്‍ന്ന് മാത്താനം ക്ഷേത്ര ഭരണസമിതി ഭാരവാഹികളുമായി അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ ജീവനക്കാര്‍ക്ക് താമസ സൗകര്യം നല്‍കാമെന്ന് ഭരണ സമിതി ഉറപ്പ് നല്‍കി. തുടര്‍ന്ന് സര്‍വീസ് പുനഃരാരംഭിക്കാന്‍ തീരുമാനമായി. അരൂക്കുറ്റിയില്‍ നിന്ന് രാവിലെ ആരംഭിക്കുന്ന സര്‍വീസ് റെയില്‍വേ സ്റ്റേഷന്‍ വരെ നീട്ടാനും ധാരണയായി.
















