കണ്ണൂര്‍: കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ കണ്ണൂര്‍ ശാഖയായ കൈരളി കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ക്രാഫ്റ്റ് ബസാര്‍ എന്ന പേരില്‍ അഖിലേന്ത്യാ കരകൗശല കൈത്തറി പ്രദര്‍ശന വിപണന മേള ആരംഭിച്ചു. മേയര്‍ ഇ.പി.ലത മേള ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 13 വരെ നടക്കുന്ന മേളയില്‍ കേരളത്തിലെയും മറ്റ് സംസ്ഥാനങ്ങളിലെയും വിവിധ ഭാഗങ്ങളില്‍ നിന്നുളള കരകൗശല കൈത്തറി ഉല്‍പ്പന്നങ്ങളും ആറന്‍മുള കണ്ണാടി, നെട്ടൂര്‍ പെട്ടി, വീട്ടിയിലും തേക്കിലും തീര്‍ത്ത ശില്‍പങ്ങള്‍ തുടങ്ങിയവയും ലഭ്യമാണ്. ഖാദി ഷര്‍ട്ടുകള്‍, വിവിധയിനം സാരികള്‍, കുര്‍ത്ത, കുട്ടികളുടെ ഉടുപ്പുകള്‍, ബഡ്ഷീറ്റുകള്‍, ഹൈദരാബാദില്‍ നിന്നും ഇന്ത്യയുടെ മറ്റു സ്ഥലങ്ങളില്‍ നിന്നുമുളള സെമി പ്രഷ്യസ്, പ്രഷ്യസ് സ്റ്റോണിലും പവിഴത്തിലും മുത്തിലും തീര്‍ത്ത ആഭരണങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 10 ശതമാനം വിലക്കുറവ് ലഭിക്കും. രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെയാണ് പ്രവേശന സമയം. ഞായറാഴ്ചയിലും അവധി ദിവസങ്ങളിലും മേള ഉണ്ടാകും.
















