ഏറ്റുമാനൂര്‍: ജനവാസ കേന്ദ്രത്തില്‍ വീണ്ടും തുറന്നു പ്രവര്‍ത്തിച്ച കണ്‍സ്യൂമര്‍ ഫെഡിന്റെ ചില്ലറ മദ്യവില്പനശാല നഗരസഭ ഇടപെട്ട് അടപ്പിച്ചു. ഏറ്റുമാനൂര്‍ പോസ്റ്റാഫീനു സമീപത്തു നടത്തിവന്നിരുന്ന മദ്യവില്പനശാല കഴിഞ്ഞ ദിവസം പേരൂര്‍ റോഡിലുള്ള ചിറക്കുളം റസിഡന്‍സ് അസോസിയേഷനില്‍ പെട്ട ഒരു വീട്ടിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. സമീപവാസികളും ബിജെപി തുടങ്ങിയ രാഷ്‌ട്രീയ കക്ഷികളിലെ പ്രവര്‍ത്തകരും പ്രക്ഷോഭം ആരംഭിച്ചതിനെ തുടര്‍ന്ന് ലൈസന്‍സ് എടുത്തിട്ടില്ല എന്ന കാരണത്താല്‍ നഗരസഭ നോട്ടീസ് നല്‍കി മദ്യശാല അടപ്പിച്ചിരുന്നു. എന്നാല്‍ കണ്‍സ്യൂമര്‍ ഫെഡ് ഉടന്‍ തന്നെ ലൈസന്‍സിന് അപേക്ഷിക്കുകയും അപേക്ഷ നഗരസഭാ കമ്മറ്റി തീര്‍പ്പാക്കുന്നതിന് മുമ്പുതന്നെ വില്ലനശാല വീണ്ടും തുറക്കുകയുമായിരുന്നു.
റെസിഡന്‍സ് അസോസിയേഷന്‍ പരിധിയിലുള്ള സ്ത്രീകളും കുട്ടികളും പ്രസിഡന്റ് ബോബി തോമസിന്റെയും മുനിസിപ്പല്‍ കൗണ്‍സിലറന്മാരായ അനീഷ് വി.നാഥ്, ഉഷ സുരേഷ്, ബോബന്‍ ദേവസ്യ, ബിജെപി മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സുരേഷ് നായര്‍, ജന.സെക്രട്ടറി മഹേഷ് രാഘവന്‍ എന്നിവരുടെയും നേതൃത്വത്തില്‍ വീണ്ടും വില്ലനശാലയുടെ മുമ്പില്‍ ധര്‍ണ്ണ നടത്തിയതിനെ തുടര്‍ന്ന് നഗരസഭ അടിയന്തിര യോഗം ചേര്‍ന്ന് ലൈസന്‍സ് അപേക്ഷ നിരസിക്കുകയും മദ്യവില്‍പ്പന നിര്‍ത്തിവയ്‌ക്കാനുള്ള ഉത്തരവ് നല്‍കുകയും ചെയ്തു. ഉത്തരവ് വില്പനശാല ഇന്‍ ചാര്‍ജിന് നഗരസഭാ സെക്രട്ടറി ഷറഫുദിന്‍ സ്ഥലത്തെത്തി കൈമാറിയതിനെത്തുടര്‍ന്ന് മദ്യ വില്‍പ്പനശാല അടച്ചു.
















