കളമശേരി: മെഡിക്കല്‍ കോളേജും പരിസരം കള്ളന്മാരുടെയും ലഹരിമരുന്ന് വില്‍പ്പനക്കാരുടെയും വിഹാരകേന്ദ്രമാകുന്നു. രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്കും രാത്രിയില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. അടിയന്തരമായി വഴി വിളക്കുകളും സിസിടിവി കാമറകളും സ്ഥാപിക്കണമെന്നും രോഗികളും വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടിട്ടും യാതൊരു ഫലവുമുണ്ടായിട്ടില്ല.
25 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന മെഡിക്കല്‍ കോളേജില്‍ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ല. രാത്രികാലങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ പലപ്പോഴും ഉറങ്ങുന്നതായും പരാതിയുണ്ട്. കള്ളന്മാരുടെയും ലഹരിമരുന്ന് വില്‍പ്പനക്കാരുടെയും കേന്ദ്രമായി മാറിയിട്ടും പ്രതികളെ പോലീസിന് കൈമാറിയാലും നടപടിയുണ്ടായിട്ടില്ല.
അടുത്തിടെ പ്രസവ വാര്‍ഡില്‍ അജ്ഞാതനെ കണ്ടതും പുതുതായി കൊണ്ടുവന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ കാണാതായതും ആശുപത്രിയിലെ ചിലരുടെ ഒത്താശയോടെയാണ്. ശുചി മുറിയിലേക്ക് പോയ രോഗി വാതില്‍ തുറക്കുവാന്‍ ശ്രമിക്കുന്നതിനിടെ രോഗിയെ തള്ളിയിട്ട് യുവാവും യുവതിയും ഓടി രക്ഷപ്പെട്ട സംഭവവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മെഡിക്കല്‍ കോളേജില്‍ സ്ഥിരമായി പോലീസ് പടോളിംഗ് നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന് പോലീസ് തയ്യാറാകുന്നില്ല.
















