പാലാ: ഹയറിംഗ് സെന്ററുകളില്‍ നിന്ന് വാടകയ്‌ക്ക് എടുക്കുന്ന സാധനങ്ങള്‍ മറിച്ചു വിറ്റ യുവാവ് അറസ്റ്റില്‍. ഇടുക്കി ഉപ്പുതറ സ്വദേശി മുണ്ടുപറമ്പില്‍ ജോബിന്‍ വര്‍ഗീസാണ് (32) പാലാ പോലീസിന്റെ പിടിയിലായത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി.
വിവാഹ ആവശ്യത്തിനെന്ന് പറഞ്ഞാണ് പതിനായിരങ്ങള്‍ വിലയുള്ള ഉരുളി, ചെമ്പ് പാത്രങ്ങള്‍ ഇയാള്‍ വാടകയ്‌ക്കെടുത്തത്. വള്ളിച്ചിറ, പാലാ പ്രദേശങ്ങളിലെ ചില ഹയറിംഗ് സെന്ററുകളാണ് തട്ടിപ്പിന് ഇരയായത്. ഉടമകള്‍ പാലാ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് തട്ടിപ്പുകാരന്റെ രേഖാചിത്രം പോലീസ് തയ്യാറാക്കിയിരുന്നു. ചില സൂചനകളുടെ അടിസ്ഥാനത്തില്‍ ഇടുക്കി, തമിഴ്‌നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളില്‍ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ഉപ്പുതറയില്‍ നിന്ന് പ്രതിയെ പാലാ സി.ഐ. ടോമി സെബാസ്റ്റ്യന്‍ കസ്റ്റഡിയിലെടുത്തത്.
















