തളിപ്പറമ്പ്: സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ യുവതി പിന്നാലെവന്ന ബുള്ളറ്റ് ടാങ്കര്‍ കയറി ചതഞ്ഞു മരിച്ചു. ശ്രീകണ്ഠപുരം പരിപ്പായി മുച്ചിലോട്ടുകാവിന് സമീപത്തെ അനീഷ്‌കുമാറിന്റെ ഭാര്യ വിഭ (28) ആണ് ദാരുണമായി മരണപ്പെട്ടത്. ഭര്‍ത്താവിനും മകള്‍ക്കും പരിക്കേറ്റു. ശ്രീകണ്ഠപുരം ടൗണില്‍ ഓര്‍ക്കിഡ് ഗിഫ്റ്റ് സെന്റര്‍ എന്ന സ്ഥാപനം നടത്തുകയാണ് അനീഷ്‌കുമാര്‍. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് സംസ്ഥാനപാതയില്‍ മദ്രസ ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടം നടന്നത്. ശ്രീകണ്ഠാപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരികയായിരുന്ന അനീഷും കുടുംബവും സഞ്ചരിച്ച ആക്ടീവ സ്‌കൂട്ടര്‍ മഴപെയ്തതോടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. എതിരെ വരികയായിരുന്ന ടിപ്പര്‍ ലോറിക്കും പിന്നാലെ വരികയായിരുന്ന ബുള്ളറ്റ് ടാങ്കറിനുമിടയിലായി അനീഷും മകള്‍ നാലുവയസ്സുകാരി വൈഗയും വിഭയും റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. തളിപ്പറമ്പ് ഭാഗത്തേക്ക് തന്നെ ഇവര്‍ക്ക് പിന്നില്‍ വരികയായിരുന്ന ബുള്ളറ്റ് ടാങ്കറിന്റെ പിന്‍ചക്രം വിഭയുടെ തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരണപ്പെട്ടു. പരിക്കേറ്റ അനീഷിനേയും വൈഗയേയും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂവേരിയിലെ സി.കെ.പത്മനാഭന്‍-വനജ ദമ്പതികളുടെ മകളാണ് മരിച്ച വിഭ. സഹോദരന്‍: വിനീത്. മരിച്ച വിഭക്ക് നൈഗ എന്ന മകള്‍ കൂടിയുണ്ട്. വിഭയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജേ മോര്‍ച്ചറിയിലേക്ക് മാറ്റി.
















