കണ്ണൂര്‍: കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ തയ്യാരാണെന്ന സുധാകരന്റെ അഭിപ്രായത്തിനെതിരെ ആഞ്ഞടിച്ച് കെപിസിസി സെക്രട്ടിയും കണ്ണൂരിലെ എ ഗ്രൂപ്പ് നേതാവുമായ പി.രാമകൃഷ്ണന്‍ രംഗത്തെത്തി. ഇതോടെ കെപിസിസി പ്രസിഡണ്ടിനെ തീരുമാനിക്കുന്ന കാര്യത്തില്‍ ജില്ലയിലെ കോണ്‍ഗ്രസിനകത്തെ അഭിപ്രായഭിന്നത മറനീക്കി വന്നിരിക്കുകയാണ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് സ്വയം സന്നദ്ധരായി ചില മാന്യന്മാര്‍ കടന്നുവരുന്നത് സന്തോഷ് പണ്ഡിറ്റാണ് മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറെന്ന് പറയുന്നത് പോലെയാണ്. സ്വയം തയ്യാറായി നില്‍ക്കുന്നയാള്‍ക്ക് കെപിസിസി പ്രസിഡണ്ടിന്റെ വലുപ്പവും മഹത്വവും അറിയില്ല. സ്വയം സന്നദ്ധരാവാന്‍ ഇത് നിയമസഭാ തെരഞ്ഞെടുപ്പല്ല. കഴിവിന്റെയും തെരഞ്ഞെടുപ്പിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. വാട്‌സപ്പ്, ഫേസ്ബുക്ക് കൂട്ടായ്‌മയിലൂടെ തെരഞ്ഞെടുക്കാന്‍ കണ്ടന്‍ കോരനല്ല കെപിസിസി പ്രസിഡണ്ട് സ്ഥാനം. ചില മാന്യന്മാര്‍ 10 വര്‍ഷക്കാലം ഡിസിസി പ്രസിഡണ്ടുമാരായിരുന്നപ്പോള്‍ സംഘടനാപരമായ ഒരു വളര്‍ച്ചയും കണ്ണൂരില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. മാത്രമല്ല ശക്തി ചോര്‍ന്നുപോവുകയാണ് ഉണ്ടായത്. ഒരിക്കലും നടക്കാത്ത ദിവാസ്വപ്‌നവുമായി ചിലര്‍ നടക്കുകയാണ്. കോടിയേരിയോടും പിണറായിയോടും മത്സരിക്കാന്‍ തയ്യാറെന്നാണ് ഇയാള്‍ പറയുന്നത്. ഇത് ഗുസ്തി മത്സരമല്ല. ഇത്തരത്തിലുളള ഒരാളെ പ്രസിഡണ്ട് സ്ഥാനത്തിരുത്തുമ്പോള്‍ ആയിരം വട്ടം ആലോചിക്കണം. കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം, നിയമസഭാ മണ്ഡലം ഒടുവില്‍ കോര്‍പ്പറേഷനില്‍ പോലും പരാജയം സംഭവിക്കാന്‍ കാരണം സുധാകരനാണെന്നും ഇനി കോണ്‍ഗ്രസിനേയും ഇയാള്‍ പെരുവഴിയിലാക്കുമെന്നും പ്രസിഡണ്ടിന്റെ കസേരയോടുളള നോട്ടം അല്‍പ്പത്വമാണെന്നും രാമകൃഷ്ണന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
പാര്‍ട്ടി പറഞ്ഞാല്‍ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പി.രാമകൃഷ്ണന്‍ തന്റെ നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്. രാമകൃഷ്ണന്റെ അഭിപ്രായം സംബന്ധിച്ച് കണ്ണൂരിലേയും കേരളത്തിലേയും കോണ്‍ഗ്രസിനകത്ത് വരും നാളുകളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമെന്നുറപ്പാണ്.
















