കൊച്ചി: കെഎസ്‌ഐഡിസിയുടെ മേല്‍നോട്ടത്തിലുള്ള ഐടി പ്രോത്സാഹന കേന്ദ്രത്തില്‍ അനധികൃത ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. കാക്കനാട്ടെ ജിയോ ഇന്‍ഫോര്‍ പാര്‍ക്കിലെ അനധികൃത സ്ഥാപനത്തിനെതിരെ കെഎസ്‌ഐഡിസിക്ക് പരാതിയെത്തി. ഒന്നരവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് കോര്‍പ്പറേഷന് അറിവൊന്നുമില്ല.
ജിയോ ഇന്‍ഫോ പാര്‍ക്കിലെ ഇങ്കുബേറ്റര്‍ കേന്ദ്രത്തില്‍ 18 ഐടി സ്ഥാപനങ്ങളാണുള്ളത്. ഇവയുടെ പ്രവര്‍ത്തനം കോര്‍പ്പറേഷന്റെ അറിവും അനുമതിയോടെയുമാണ്. കാന്റോണ്‍ എന്ന കമ്പനി പ്രവര്‍ത്തിക്കുന്നതായി അറിയില്ലെന്ന് കെഎസ്‌ഐഡിസി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ പറയുന്നു. ഇതെക്കുറിച്ച് പരാതി ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം നടത്തും. അനുമതി കിട്ടിയ ഏതെങ്കിലും സ്ഥാപനം വാടകയീടാക്കി കൈമാറിയതാണോ എന്ന് കണ്ടെത്തും. ഇത്തരത്തില്‍ മറ്റു സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പരിശോധിക്കും. ചെറിയ ഫീസ് വാങ്ങി വലിയ സൗകര്യ സഹായങ്ങളാണ് പൊതു ഖജനാവിലെ പണം ചെലവിട്ട് സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത്.
കാന്റോണ്‍ കമ്പനി സോഫ്‌റ്റേവേര്‍ ഡവലപിങ്, ഡിസൈനിഗ്, ബ്രാന്‍ഡിങ് നടത്തുന്ന സ്ഥാപനമാണ്. കമ്പനിയുടെ വെബ്‌സൈറ്റില്‍ സ്ഥാപനത്തിന്റെ മേല്‍വിലാസം കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലാണ്. എന്നാല്‍, കമ്പനിയില്‍ ജോലിക്കു ചേരുന്നവര്‍ക്ക് നല്‍കുന്ന നിയമന-കരാര്‍ രേഖകളില്‍ വിലാസം ജിയോ ഇന്‍ഫോ കാമ്പസിലേതാണ്. കമ്പനി സിഇഒ രാജേഷ് കൃഷ്ണ ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാന്‍ തയ്യാറായില്ല.
















