എസ്.രാജന്‍
എരുമേലി: കഷ്ടപ്പാടിന്റെ കനലെരിയുമ്പോള്‍ കാരിരുമ്പിനെ പോലും കൈയ്യിലൊതുക്കി വിജയം നേടിയ വീട്ടമ്മ വ്യത്യസ്തയാകുന്നു. എരുമേലി പെരുമറ്റം തങ്ങളുകുഞ്ഞിന്റെ ഭാര്യ ഐഷാ ബീവി (53) യാണ് വ്യത്യസ്ത തൊഴിലിലൂടെ ശ്രദ്ധേയയാകുന്നത്. വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പ് നടത്തിയിരുന്ന ഭര്‍ത്താവിനെ സഹായിച്ചു തുടങ്ങിയതോടെയാണ് ഈ തൊഴില്‍ മേഖലയിലേക്ക് ഐഷ കടന്നു ചെല്ലുന്നത്. പിന്നീട് ഇത് പഠിച്ചെടുക്കണമെന്ന് ആഗ്രഹമായി. ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം തന്നെ വര്‍ക്ക്‌ഷോപ്പിലെ എല്ലാ ജോലിയും അനായസമായി ചെയ്യുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ മുപ്പത്ത് വര്‍ഷമായി തങ്ങളു കുഞ്ഞ് എരുമേലിയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയാണ്. ജോലിക്കാരുടെ ക്ഷാമം നേരിട്ടപ്പോഴാണ് ഭര്‍ത്താവിനെ സഹായിക്കാന്‍ ഐഷ ഇറങ്ങിയത്.പിന്നെ വീട്ടുജോലി പോലെ വര്‍ക്ക്‌ഷോപ്പ് ജോലിയും ഇഷ്ടപ്പെട്ടതോടെ ഇരുമ്പുമായി സൗഹൃദത്തിലാകുകയായിരുന്നു. ഇതോടെ ഒട്ടേറെ ജോലികളും എത്തിത്തുടങ്ങി. പുരുഷ ന്‍മാര്‍ മാത്രം ചെയ്തിരുന്ന ഈ തൊഴില്‍ ഒരു സ്ത്രീ ചെയ്യുന്നത് വേറിട്ടകാഴ്‌ച്ചയാണ്. ലോകം സ്വയംതൊഴിലും, സ്ത്രീ ശാക്തീകരണവും, വനിതലദിനവുമൊക്കെ ആചരിക്കുമ്പോള്‍ ഇതിനെല്ലാം ഈ കുടുംബവും മാതൃകയാകുന്നു.
















