കരുനാഗപ്പള്ളി: ഡിവൈഎഫ്ഐ അക്രമത്തില്‍ ഗര്‍ഭിണി അടക്കം അഞ്ച് പേര്‍ക്ക് പരിക്ക്. രണ്ട് വീടുകള്‍ക്ക് നേരെയും അക്രമമുണ്ടായി. കുലശേഖരപുരം ആദിനാട് തെക്ക് മരങ്ങാട്ടുമുക്കിലായിരുന്നു ഡിഫിക്കാരുടെ അഴിഞ്ഞാട്ടം.
കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് സംഭവം. സായികൃപയില്‍ ശാലിന്റെ വീട്ടിലേക്ക് ഇരുപതോളം വരുന്ന അക്രമിസംഘം ഇരച്ചുകയറുകയായിരുന്നു. വീട് അവര്‍ അടിച്ചുതകര്‍ത്തു. ശാലിന്റെ ഭാര്യ രോഹിണി, മകള്‍ ഒമ്പതുകാരിയായ അനഘ എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു.
പിന്നീട് അക്രമികള്‍ മരങ്ങാട്ട് മുക്കില്‍ നില്‍ക്കുകയായിരുന്ന വയലിത്തറ കിഴക്കതില്‍ അഖിലിനെ ക്രൂരമായി മര്‍ദ്ദിച്ചു. പ്രാണരക്ഷാര്‍ത്ഥം ഓടിയ അഖിലിനെ പിന്തുടര്‍ന്ന അക്രമികള്‍ സുനാമി കോളനിയുടെ പരിസരത്തിട്ട് വീണ്ടും മര്‍ദിച്ചു. കരുനാഗപ്പള്ളിയില്‍ നിന്ന് പോലീസെത്തിയതിന് ശേഷമാണ് അഖിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അഖിലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മണിമന്ദിരത്തില്‍ ഗിരിജയുടെ വീടും അടിച്ചുതകര്‍ത്തു. വീട്ടില്‍ ഉണ്ടായിരുന്ന ഗര്‍ഭിണി ആയ മകള്‍ ചിപ്പിയെ അക്രമിച്ച് പരിക്കേല്പിച്ചു. ചിപ്പിയെയും ആശുപത്രിയിലെത്തിച്ചത് പോലീസാണ്.
ആദിനാട് അമ്പനാട്ടുമുക്ക് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് കിരണ്സേതു, സെക്രട്ടറി, ഗോപന് മേഖലാസെക്രട്ടറി ഹരികൃഷ്ണന്, പൊക്കം കണ്ണന് എന്ന കണ്ണന്, സുജിത്, ബിജു, വിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് പരിക്കേറ്റവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: