കുന്നത്തൂര്‍: കുന്നത്തൂര്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ്നായ ശല്യം രൂക്ഷമായി. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ 15 പേര്‍ക്കാണ് തെരുവ്നായ ആക്രമണത്തില്‍ പരിക്കേറ്റത്.
നിരവധി വളര്‍ത്തുമൃഗങ്ങളും ആക്രമണത്തില്‍ ചത്തു. തെരുവ്നായ ശല്യം രൂക്ഷമായിട്ടും നിയന്ത്രണമാര്ക്ഷങ്ങള് പഞ്ചായത്തുകള്‍ സ്വീകരിയ്ക്കുന്നില്ല.
തെരുവ്നായ്ക്കള്‍ പെറ്റുപെരുകിയിട്ടും വന്ധ്യംകരണ നടപടികള്‍ അധികൃതര്‍ സ്വീകരിക്കാത്തതില്‍ പൊതുജനങ്ങള്‍ പ്രതിഷേധത്തിലാണ്. മാലിന്യസംസ്കരണം കാര്യക്ഷമമല്ലാത്തതാണ് തെരുവ്നായകള്‍ പെറ്റുപെരുകാന്‍ ഒരു പ്രധാന കാരണം. താലൂക്കിലെ പ്രധാന മാര്‍ക്കറ്റുകളായ ശാസ്താംകോട്ട, ആഞ്ഞിലിമൂട്, ചക്കുവള്ളി എന്നിവിടങ്ങളില്‍ മാലിന്യസംസ്കരണമാര്ഗങ്ങള് ഒന്നും തന്നെ പ്രവര്‍ത്തനക്ഷമമല്ല. അനധികൃത അറവുശാലകളും, മാലിന്യങ്ങള്‍ അലക്ഷ്യമായി പാതയോരങ്ങളില്‍ തള്ളുന്നതും തെരുവ്നായ ശല്യം രൂക്ഷമാക്കുന്നു. നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്ന സംഭവങ്ങള്‍ വരെ പതിവാകുന്നു. പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ പേവിഷബാധയ്ക്കുള്ള വാക്സിനുകളുടെ അപര്യാപ്തതയും പൊതുജനങ്ങളെ വലയ്ക്കുന്നു. കടിയേല്‍ക്കുന്നവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടേണ്ട അവസ്ഥ. തെരുവ്നായ ആക്രമണത്തിനിരയാകുന്നവര്‍ക്ക് ചികിത്സാ ധനസഹായം ലഭ്യമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: