കൊട്ടാരക്കര: വ്യവസായം തുടങ്ങാന്‍ ഒന്നര വര്‍ഷം. നഗരസഭാ ഓഫിസ് കയറിയിറങ്ങിയ യുവവ്യവസായി കൈക്കൂലിയെ പേടിച്ച് വിദേശത്തേക്ക് ചേക്കേറുന്നു. കൈക്കൂലിയില്ലങ്കില് കാര്യം നടക്കില്ലെന്ന നഗരസഭയിലെ അസി.എഞ്ചിനീയര്‍ ഉള്‍പ്പടെയുള്ളവരുടെ പിടിവാശിയിലാണ് തന്റെ തീരുമാനമെന്ന് യുവവ്യവസായി ഷിഫാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൊട്ടാരക്കരയില്‍ 2500 പേര്‍ക്ക് ഇരിക്കാവുന്ന എല്ലാവിധ സൗകര്യങ്ങളുമുള്ള ആഡിറ്റോറിയത്തിന് അനുമതിതേടി 2015 നവംബറിലാണ് പഞ്ചായത്തിനെ സമീപിച്ചത്. എന്നാല്‍ സ്ഥലം സന്ദര്‍ശിക്കുന്നതിന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത് നല്‍കാത്തതിനെ തൂടര്‍ന്ന് അനുമതി ലഭിച്ചില്ല. അന്നത്തെ സെക്രട്ടറിയെ ഉള്‍പ്പടെ സമീപിച്ചെങ്കിലും കാര്യം നടന്നില്ല. പഞ്ചായത്ത് നഗരസഭയായതിനെ തുടര്‍ന്ന് അനുമതിക്കായി തിരുവനന്തപുരം ടൗണ്‍പ്ലാനര്‍ ഓഫീസിലും അപേക്ഷ നല്കി. ഇവിടെ നിന്നും ആവശ്യമായ മാറ്റങ്ങള്‍ വരുത്തി മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് അനുമതി നല്‍കിയെങ്കിലും നഗരസഭ അന്തിമഅനുമതി നല്കാന് തയ്യാറായില്ല. മൂന്ന് മാസമായി പലതവണ നഗരസഭ ഓഫീസില്‍ എത്തിയെങ്കിലും കാര്യം കാണണമെങ്കില്‍ കൈക്കൂലി കിട്ടണമെന്ന നിലപാടില്‍ തന്നെയായിരുന്നു എ.ഇ ഉള്‍പ്പടെയുള്ള ചില ഉദ്യോഗസ്ഥര്‍. ഇതിനെതിരെ നഗരസഭ ചെയര്‍പേഴ്സണെ സമീപിച്ചെങ്കിലും അവഗണനയായിരുന്നു ഫലം.
വൈസ്ചെയര്‍മാനെ കണ്ടെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്നാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതോടെ അനുമതി നല്‍കികൊണ്ടുള്ള പേപ്പര്‍ ലഭിച്ചു.
നഗരസഭയുടെ പേരില്‍ ഒപ്പുശേഖരണം നടത്തി നിര്‍മ്മാണം തടസപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്. തനിക്ക് ദുബായിലും സിംഗപ്പൂരിലും വ്യവസായസ്ഥാപനമുണ്ട്. അവിടെയൊന്നും നേരിടാത്ത ദുരനുഭവമാണ് നാട്ടില്‍ നേരിട്ടത്. അതുകൊണ്ട് നാട്ടിലെ വ്യവസായം മതിയാക്കുകയാണ്. കൗണ്‍സിലര്‍മാരെല്ലാം കൈക്കുലിക്കാരാണെന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട തില്‍ നിര്‍വ്യാജം ഖേദിക്കുന്നു. കണ്സിലര്മാരല്ല ഉദ്യോഗസ്ഥരെയാണ് ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: