പത്തനാപുരം: പട്ടാഴി ദേവീക്ഷേത്രത്തിലെ പ്രധാന ആചാരമായ വെടിക്കെട്ട് നാടിന് വേണമെന്നാവശ്യപ്പെട്ട് കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനങ്ങള്‍ ഒത്തുചേര്‍ന്നു.
പതിറ്റാണ്ടുകളായി പട്ടാഴി ദേവീക്ഷേത്രത്തില്‍ നാട്ടുകാര്‍ പട്ടാഴി ദേവീക്ഷേത്ര സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ അപകടമൊന്നും ഉണ്ടാകാതെ നടത്തിവരുന്ന കമ്പം, നിയമപരമായ സംരക്ഷണത്തോടെ വീണ്ടും നടത്തണമെന്ന് നാടൊന്നായി ആവശ്യപ്പെടുന്നു. ദേവീക്ഷേത്രത്തില്‍ നട തുറക്കുന്ന സമയത്ത് ആചാരനുഷ്ടാനത്തിന്റെ ഭാഗമായ കുറ്റിവെടി പോലും ക്ഷേത്രത്തില്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ക്ഷേത്രത്തിലെ കുഭതിരുവാതിര, മീനത്തിരുവാതിര ദിവസങ്ങളില്‍ പൊന്നിന്‍മുടി വെളിയിലേക്കെടുമ്പോള് നടക്കേണ്ടുന്ന ക്ഷേത്രാചാരം നടത്താന്‍ സാധിക്കാത്തതിന്റെ ദുഃഖത്തിലാണ് നാട്ടുകാര്‍. ദൂരെസ്ഥലങ്ങളില്‍ നിന്നു പോലും പതിനായിരകണക്കിനാളുകളാണ് ഉത്സവദിനങ്ങളില്‍ പട്ടാഴിയിലെത്തുന്നത്. ദേവസ്വംബോര്‍ഡിലേക്ക് പണം വിഹിതമായി ലഭിച്ചിരുന്നതുമാണ്. സേവ് പട്ടാഴി കമ്പം എന്ന പേരില്‍ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചാണ് പട്ടാഴി നിവാസികള്‍ സംഘടിച്ചിട്ടുള്ളത്. ഉടന്‍ തന്നെ സ്ഥലം എംഎല്‍എ അടക്കമുള്ളവരെ സമീപിച്ച് കമ്പത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ആചാരത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. ജല്ലിക്കെട്ടും തൃശൂര്‍പൂരവും ഉത്രാളിക്കാവിലെ ആചാരവും ഭരണകൂടം അനുവദിച്ച സാഹചര്യത്തില്‍ പട്ടാഴി കമ്പം അനുവദിച്ചു നല്‍കണമെന്ന് യോഗം ഐക്യകണ്ഠമായി ആവശ്യപ്പെട്ടു. ഇതിനായി സര്വകക്ഷിസംഘത്തെയും കമ്മിറ്റിയെയും യോഗം തെരെഞ്ഞെടുത്തു.
സാംസ്കാരികനായകനും എഴുത്തുകാരനുമായ കെ.വി.ഇറവങ്കര യോഗം ഉദ്ഘാടനം ചെയ്തു. ക്ഷേത്രസംരക്ഷണസമിതി മുന്‍ ജനറല്‍സെക്രട്ടറി വാസുദേവക്കുറുപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സേവ് പട്ടാഴി കമ്പം കമ്മിറ്റി കണ്‍വീനര്‍ സുഭാഷ് പട്ടാഴി വിഷയാവതരണം നടത്തി. കമ്മിറ്റി സെക്രട്ടറി ഹര്‍ഷകുമാര്‍ സ്വാഗതം പറഞ്ഞു. മുന്‍ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് സി.രവീന്ദ്രന്‍നായര്‍, രാധാകൃഷ്ണനുണ്ണിത്താന്‍, സംരക്ഷണസമിതി പ്രസിഡന്റ് എ.ആര്. അരുണ്‍, ബ്ലോക്ക് പഞ്ചായത്തംഗം രഞ്ജിത് ബാബു, പട്ടാഴി ഗോപി, മധുസൂതന്‍ നായര്‍, മുരളീധരന്‍മാസ്റ്റര്‍, അനീഷ് കോളൂര് എന്നിവര്‍ സംസാരിച്ചു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: