പഴയങ്ങാടി: മാടായിപ്പാറയില്‍ ചൈനാക്ലേ ഖനനം ചെയ്ത സ്ഥലത്തെ ഗര്‍ത്തങ്ങള്‍ ഉടന്‍ മണ്ണിട്ട് നികത്തണമെന്ന് മാടായി പരിസ്ഥിതി പരിരക്ഷണ സമിതി ആവശ്യപ്പെട്ടു. യുഡിഎഫ് ഗവണ്‍മെന്റ് ഖനനം നിര്‍ത്തല്‍ ചെയ്‌തെങ്കിലും ഇവിടെ ഉണ്ടായിട്ടുള്ള വന്‍ ഗര്‍ത്തങ്ങള്‍ ഇതുവരെ നികത്തുകയോ പ്രഖ്യാപിക്കപ്പെട്ട തൊഴിലാളികള്‍ക്കുളള ബദല്‍ പരിപാടികള്‍ നടപ്പാക്കുകയോ ചെയ്തിട്ടില്ല. കുഴികള്‍ നികത്തപ്പെടുന്നില്ലെങ്കില്‍ ഖനനം മൂലം പാറകളില്‍ രൂപപ്പെട്ട വന്‍ വിള്ളലുകള്‍ പ്രകൃതിദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്നതിനാല്‍ പഞ്ചായത്ത് ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും പരിരക്ഷണ സമിതി ആവശ്യപ്പെട്ടു. ഏതൊരു പ്രദേശത്തും ഖനനം നടന്നുകഴിഞ്ഞാല്‍ കുഴികള്‍ ഉടന്‍ തികത്തണമെന്നാണ് മൈനിങ്ങ് നിയമത്തിലെ വ്യവസ്ഥ. പ്രസ്തുത നിയമവും ഇവിടെ പാലിക്കപ്പെടുന്നില്ല. ഖനനം മൂലം വര്‍ഷങ്ങളായി നാട്ടുകാര്‍ക്കുണ്ടായ കാര്‍ഷിക, ആരോഗ്യ, കുടിവെളള മേഖലയിലെ നാശനഷ്ടങ്ങളുടെ കണക്കെടുത്ത് ഉടന്‍ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. മാര്‍ച്ച് 12 മുതല്‍ നടക്കുന്ന മാടായിപ്പാറ പരിസ്ഥിതി സമ്മേളനം വിജയിപ്പിക്കാന്‍ വി.പി.മുഹമ്മദലി മാസ്റ്റര്‍ കണ്‍വീനറായി പരിസ്ഥിതി സമ്മേളന സഹായ കമ്മറ്റിയും രൂപീകരിച്ചു. യോത്തില്‍ പി.പി.കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.പി.ചന്ദ്രാംഗദന്‍, എ.പി.വി.മുസ്തഫ. സി.ഗബ്രിയേല്‍ മാസ്റ്റര്‍, കെ.സുകുമാരന്‍, പി.ബാലന്‍, വി.പി.എം.അലി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















