തണ്ണിമത്തനും പനംനൊങ്കും പാതയോരങ്ങളില്‍ നിരന്നപ്പോള്‍

പാറശ്ശാല: വേനലെത്തും മുമ്പേ ജില്ലയുടെ തെക്കന്‍മേഖലയിലെ വഴിയോരങ്ങളില്‍ തണ്ണിമത്തനും പനംനൊങ്കും അക്കാനിയും സ്ഥാനം പിടിച്ചു. വേനല്‍ ശക്തിപ്രാപിക്കുന്നതോടെ കുളിര്‍മ നുകരാന്‍ തണ്ണിമത്തനും പനംനൊങ്കും അക്കാനിയും തേടി വഴിയാത്രക്കാര്‍ മാത്രമല്ല എത്തുക.
ദേശീയപാതയോരവും ഇടറോഡുകളും കേന്ദ്രീകരിച്ചാണ് ഇവയുടെ കച്ചവടം പൊടിപൊടിക്കുന്നത്. തണ്ണിമത്തന്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കം. തമിഴ്‌നാട്, കര്‍ണാടക, ഉദുമല്‍പേട്ട, പഴനി എന്നിവിടങ്ങളില്‍ നിന്നാണ് തണ്ണിമത്തന്‍ എത്തുന്നത്. തണ്ണിമത്തന്റെ ഉള്‍ഭാഗം കഴിക്കാനാണ് കൂടുതല്‍പേരും ഇഷ്ടപ്പെടുന്നത്. മധുരക്കുറവെന്ന കാരണത്താല്‍ തൊലിയോട് ചേര്‍ന്ന വെളുത്തഭാഗം ഒഴിവാക്കി മുറിച്ചെടുത്ത് കഴിക്കുന്നവരാണ് അധികം പേരും. എന്നാല്‍ മധുരമില്ലെങ്കിലും വെളുത്തഭാഗത്തിന് നിരവധി ഗുണങ്ങളുണ്ട്. രക്തം ശുദ്ധീകരിക്കുന്നതിനാല്‍ കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും നല്ലതാണ്. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനവും സുഗമമാക്കും.
പനംനൊങ്ക് കൂടുതലായും എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ് ചുട്ടുപൊളളുന്ന വേനലില്‍ ദാഹം തീര്‍ക്കാനായി പ്രകൃതിദത്ത ഔഷധ ഗുണമുളളതാണ് നൊങ്ക്. വേനല്‍ ചൂടിന്റെ തളര്‍ച്ചയില്‍ നൊങ്ക് കഴിച്ചാല്‍ ഉന്മേഷം ലഭിക്കും നൊങ്കിന്റെ ഉള്ളിലെ ‘ജെല്‍’ പോലത്തെ അകക്കാമ്പാണ് ഭക്ഷ്യയോഗ്യമായ ഭാഗം. ചെറിയമധുരമുളള ഈ ഭാഗം പ്രമേഹരോഗിക്കള്‍ക്കും കഴിക്കാം. ചൂടുകാല ചര്‍മരോഗങ്ങള്‍ക്ക് ഒരുപരിധിവരെ നൊങ്ക് പരിഹാരമാണ്. പനയുടെ കൂമ്പില്‍ നിന്ന് ചെത്തിയെടുക്കുന്നതാണ് അക്കാനി. ഏറെ പോഷകഗുണം ഉളളതാണ്. ശരീരം തണുപ്പിക്കുന്നതിനുളള കഴിവും അക്കാനിക്കുണ്ട്. അക്കാനിയില്‍ നിന്നാണ് നിരവധിപോഷക ഗുണമുള്ള കരുപ്പെട്ടി നിര്‍മിക്കുന്നത്. അക്കാനിയെ പ്രത്യേകതരം പാത്രത്തില്‍ ഒഴിച്ചുതിളപ്പിച്ച് വറ്റിച്ചാണ് കരുപ്പെട്ടി നിര്‍മിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തെക്കന്‍ കേരളത്തിലെ ചെറുകിട വ്യവസായമായിരുന്നു കരുപ്പെട്ടി നിര്‍മാണം. പന കയറാന്‍ ആളില്ലാത്തതു കാരണം ഈ വ്യവസായം ഇന്ന് അന്യം നിന്നു.
















