മലയിന്‍കീഴ്: വിളപ്പിലിനെ മാതൃകയാക്കി മലയിന്‍കീഴ് പഞ്ചായത്തും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു. പേയാട്-കാട്ടാക്കട റോഡില്‍ തച്ചോട്ടുകാവ് മുതല്‍ അന്തിയൂര്‍ക്കോണം പാലം വരെയുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കും. റോഡ് വികസനവുമായി ബന്ധപ്പെട്ട് മലയിന്‍കീഴ് പഞ്ചായത്ത് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. റോഡിന്റെ മധ്യഭാഗത്തു നിന്ന് ഇരുവശത്തേക്കും 11 മീറ്റര്‍ അളന്നു തിരിക്കും. തുടര്‍ന്ന് കയ്യേറ്റങ്ങള്‍ റവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ തിട്ടപ്പെടുത്തും. ഇവ അടിയന്തരമായി ഒഴിപ്പിക്കുകയാണ് ആദ്യഘട്ടം ചെയ്യുക.
നിയമാനുസൃതമായി ഭൂമിയുള്ളവര്‍ക്കെതിരെ നിലവില്‍ നടപടിയുണ്ടാകില്ല. അവരുടെ നഷ്ടപരിഹാരം സര്‍വെ പൂര്‍ത്തിയാക്കിയശേഷം കണക്കാക്കും. ഇതിനായി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് എഇയുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറായിട്ടുണ്ട്. ഈ പ്രോപ്പോസ്സല്‍ ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. പദ്ധതി യാഥാര്‍ഥ്യമാകുന്ന മുറയ്‌ക്കാണ് ഉടമകളുടെ സ്ഥലമേറ്റെടുപ്പും വ്യാപാരികളുടെ പുനരധിവാസ പാക്കേജും നടപ്പിലാക്കുക. പേയാട്ടെ ജനകീയ ഒഴിപ്പിക്കല്‍ മലയിന്‍കീഴ് പഞ്ചായത്തും മാതൃകയാക്കണമെന്ന് കഴിഞ്ഞ ദിവസം ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തച്ചോട്ടുകാവ്, പാലോട്ടുവിള, ബാങ്ക് ജംഗ്ഷന്‍, മലയിന്‍കീഴ്, അന്തിയൂര്‍ക്കോണം എന്നിവടങ്ങളിലെ കയ്യേറ്റങ്ങള്‍, അനധീകൃതപാര്‍ക്കിങ്, അശാസ്ത്രീയമായ ബസ്സ് കാത്തിരിപ്പു കേന്ദ്രം തുടങ്ങിയവ ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നുണ്ട്. കൂടാതെ വാഹാനപകടങ്ങളും പതിവാണ്. ഇതാണ് ‘ജന്മഭൂമി’ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. തുടര്‍ന്നാണ് ജനപിന്തുണയോടെ പദ്ധതി നടപ്പിലാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. ഐ.ബി. സതീഷ് എംഎല്‍എയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. ചന്ദ്രന്‍നായര്‍, ബ്ലോക്ക് പ്രസിഡന്റ് എല്‍. അനിത, തഹസില്‍ദാര്‍ കലാധരന്‍, പൊതുമരാമത്ത് എഇ സുജിത്ത്, വില്ലേജ് ഓഫീസര്‍ മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്‌ട്രീയ പാര്‍ട്ടിവ്യാപാരി പ്രതിനിധികള്‍, റസിഡന്റസ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. വികസനത്തിന് എതിരല്ലെന്നും തങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുന്ന നിലയിലാകണം പദ്ധതി യാഥാര്‍ഥ്യമാക്കേണ്ടതെന്നുമുള്ള നിലപാടാണ് എല്ലാവരും അറിയിച്ചത്. അനവധി നിര്‍ദ്ദേശങ്ങളും ഇവര്‍ മുന്നോട്ട് വച്ചു.
















