തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജില്‍ സദാചാര ഗുണ്ടായിസം നടത്തിയ പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പോലീസ്. പോലീസ് നല്‍കിയ പ്രതികളുടെ വിശദവിവരം നല്‍കാന്‍ യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പാള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടാന്‍ സാധിക്കാത്തത്. എസ്എഫ്‌ഐ നേതാക്കള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്.
കോളേജില്‍ നടന്ന നാടകോത്സവവുമായി ബന്ധപ്പെട്ട് പുറത്ത് നിന്നെത്തിയ ജിജീഷ് എന്നയാളെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. മര്‍ദ്ദനം തടയാന്‍ എത്തിയ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികളായ സൂര്യഗായത്രി, അസ്മിതാകബീര്‍ എന്നിവരെയും എസ്എഫ്‌ഐ സംഘം മര്‍ദ്ദിച്ചിരുന്നു. ജീജിഷ് നല്‍കിയ വിവരമനുസരിച്ചാണ് എസ്എഫ്‌ഐ നേതാവടക്കം 13 പേര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
എസ്എഫഐ പ്രവര്‍ത്തകര്‍ ആയതിനാല്‍ ആദ്യം കേസെടുക്കാന്‍ പോലീസ് വിസമ്മതിച്ചു. പോലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ തയ്യാറായത്. ജിജീഷിന്റെ മൊഴിയനുസരിച്ച് വിദ്യാര്‍ത്ഥികളുടെ വിശദ വിവരം നല്‍കണമെന്ന് യൂണിവേഴ്‌സിറ്റി കോളേജ് പ്രസിന്‍സിപ്പാളിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എസ്എഫ്‌ഐയുടെ ഭീഷണിയെതുടര്‍ന്ന് സദാചാര ഗൂണ്ടകളുടെ വിശദവിവരം നല്‍കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറാകുന്നില്ല. തുടര്‍ന്ന് പരാതിക്കാര്‍ നല്‍കിയ വിവരമനുസരിച്ച് നാലുപേരെ പോലീസ് തിരിച്ചറിഞ്ഞു. തസ്ലീം, സജിത്, രജീഷ്, ഷഫാന എന്നിവരെ ഫോട്ടോ മുഖേന തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസെടുത്തു.
















