തിരുവനന്തപുരം: വിദ്യാര്‍ഥി സമരത്തിന്റെ 29 ദിവസത്തെ നീണ്ട ഇടവേളയ്‌ക്കുശേഷം പേരൂര്‍ക്കട ലോ അക്കാദമി ഇന്നലെ തുറന്നു. അത്യാഹ്ലാദത്തോട രാവിലെ തന്നെ വിദ്യര്‍ഥികള്‍ കോളജിലെത്തി. ചരിത്രമായ സമരവിജയത്തന്റെ ആഘോഷപ്രകടനം കോളേജില്‍ അലയടിച്ചു. കോളജ് ഡയറക്ടര്‍ നാരായണന്‍ നായരും സന്നിഹിതനായിരുന്നു.
രാവിലെ ഒമ്പതോടെ കോളജിലെത്തിയ വിദ്യാര്‍ഥികള്‍ 10.30തോടെ പേരൂര്‍ക്കട ജങ്ഷനിലേക്ക് റാലി നടത്തി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അക്കാദമി മുറ്റത്ത് വിജയനൃത്തം ചവിട്ടി. ബാന്റുസെറ്റിന്റെ അകമ്പടിയോടെയായിരുന്നു വിജയാഹ്ലാദം.
സമരം പോലെ തന്നെ രണ്ടുവിഭാഗങ്ങളായിരുന്നു ആഹല്‍ദ പ്രകടനവും. എബിവിപി, കെഎസ്‌യു, എഐഎസ്എഫ്,എംഎസ്എഫ്, തുടങ്ങിയ സംഘടനകളുടെ സംയുക്ത വിദ്യാര്‍ഥി ഐക്യം ഒരുഭാഗത്തും എസ്എഫ്‌ഐ തനിച്ച് മറുഭാഗത്തും വെവ്വേറയാണ് വിജയം ആഘോഷിച്ചത്.പൊരിവെയിലത്ത് വിദ്യാര്‍ഥികളൊന്നടങ്കം മുദ്രാവാക്യം വിളിച്ചും ആടിപ്പാടിയും സ്വാതന്ത്ര്യം ആഘോഷിച്ചു.
കൊടികളേന്തി ബാന്റിനൊപ്പം നൃത്തം വെച്ചപ്പോള്‍ ഇതുവരെ സമരത്തിനിറങ്ങാത്ത വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ആഹ്ലാദപ്രകടനത്തില്‍ പങ്കെടുത്തത് വ്യത്യസ്ത കാഴ്ചയായി. വെക്കേഷന്‍ കഴിഞ്ഞ് എത്തിയ പ്രതീതിയാണ് തങ്ങള്‍ക്കെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. ആഹ്ലാദപ്രകടനം നിര്‍ത്തിയതും സമരം അവസാനിപ്പിച്ച പോലെ തന്നെയായിരുന്നു. വിദ്യാര്‍ഥി ഐക്യക്കാര്‍ ഉച്ചയ്‌ക്ക് ഒന്നുവരെ ആഹ്ലാദം പങ്കുവെച്ചു. ഉച്ചയോടെ ദേശീയ വനിതാ കമ്മിഷനംഗം സുഷമാ സാഹു കോളജിലെത്തി വിദ്യാര്‍ഥിനികളുടെ മൊഴിയെടുത്തു.
















