തിരുവനന്തപുരം: വെള്ളായണി ദേവീക്ഷേത്രത്തില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ വരുന്നതും രണ്ടുമാസം നീണ്ടു നില്‍ക്കുന്നതുമായ കാളിയൂട്ട് മഹോത്സവം മാര്‍ച്ച് 15 ബുധനാഴ്ച ആരംഭിക്കും. അന്നുരാവിലെ 8.20 ന് മേല്‍ ക്ഷേത്ര ശ്രീകോവിലിനുള്ളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള തങ്കതിരുമുടി അമ്പല കോമ്പൗണ്ടിന് വെളിയില്‍ കൊണ്ടുവന്ന് പുറത്ത് വയലില്‍ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക പന്തലില്‍ കുടിയിരുത്തും. അന്നുരാത്രി 8.20 നുമേല്‍ കളങ്കാവല്‍ ഉണ്ടായിരിക്കും. മൂത്തവാത്തി (മേല്‍ശാന്തി) ദേവിയുടെ തങ്ക തിരുമുടി തലയിലേറ്റി എഴുന്നള്ളിയ്‌ക്കുന്ന ചടങ്ങാണ് കളങ്കാവല്‍. 15 ന് രാത്രി 2.30 ന് മേല്‍ ഉച്ചബലി ഉണ്ടായിരിക്കും.
16 വ്യാഴാഴ്ച രാവിലെ 8.20 ന് മേല്‍ കളങ്കാവല്‍ നടത്തും. രാത്രി 10.30 ന് മേല്‍ ഉച്ചബലി ഉണ്ടായിരിക്കും. രാത്രി 1 മണിക്കുമേല്‍ പള്ളിച്ചല്‍ ദിക്കുബലി എഴുന്നള്ളിപ്പ് നടക്കും. തുടര്‍ന്ന് പള്ളിച്ചലും, പരിസരത്തുമുള്ള വീടുകളില്‍ ദേവിയുടെ തിരുമുടി എഴുന്നള്ളിച്ച് ഇറക്കിപൂജ നടത്തും. 24 ന് വീണ്ടും അമ്പലത്തിന് മുന്നിലെത്തി പന്തലില്‍ ദേവിയെ കുടിയിരുത്തും. വീണ്ടും 24 ന് രാത്രി 8 മണിക്ക് മേല്‍ കളങ്കാവല്‍ ഉണ്ടായിരിക്കും. 25 ന് കല്ലിയൂര്‍ ദിക്കുബലി എഴുന്നള്ളിപ്പ് നടത്തും. മാര്‍ച്ച് 8 ന് പാപ്പനംകോട്ടും, 19 ന് കോലിയക്കോടും ദിക്കുബലി നടത്തുന്നതാണ്.
മാര്‍ച്ച് 24 നാണ് കച്ചേരിനട എഴുന്നള്ളിപ്പ്. 29 ന് അശ്വതി പൊങ്കാല. 31 ന് പൊന്നുമംഗലത്ത് എഴുന്നള്ളിപ്പ്. ഏപ്രില്‍ 7, 8, 9 തീയതികളിലായി കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ കരകളില്‍ എഴുന്നള്ളിപ്പ് നടത്തും. ഏപ്രില്‍ 14 നാണ് കൊടിയേറ്റ്. 22 ന് പറണേറ്റ് 23 ന് നിലത്തില്‍പ്പോര് നടത്തി ദേവി ദാരികനെ നിഗ്രഹിച്ച ശേഷം ആറാട്ട് നടക്കും. വെള്ളായണി കായലിലെ ആറാട്ട് കഴിഞ്ഞ് താലപ്പൊലിയുടെ അകമ്പടിയോടുകൂടി ദേവിയുടെ തങ്കതിരുമുടി അകത്തേക്ക് എഴുന്നള്ളിയ്‌ക്കുന്നതോടെ രണ്ടുമാസം നീണ്ടു നിന്ന വെള്ളായണി ദേവീ ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിന് പരിസമാപ്തി കുറിയ്‌ക്കും.
















