ഇരിട്ടി : നാലുവര്‍ഷം മുന്‍പ് അന്തരിച്ച തന്റെ അമ്മയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ണൂര്‍ പീഡിത സഹായ നിധിയിലേക്ക് സംഭാവന നല്‍കി കീഴൂര്‍ കളരിക്കണ്ടിയില്‍ കെ. കെ. ബാബു സംഘ പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയായി. ഒരു പാട് സാമ്പത്തിക പ്രതിസന്ധികള്‍ തനിക്കു ഈ കാലയളവില്‍ ഉണ്ടായിട്ടും തന്റെ മാതാവ് കെ.കെ. നാരായണി അവസാന നാളുകളില്‍ അണിഞ്ഞിരുന്ന ആഭരങ്ങള്‍ വില്‍ക്കാനോ പണയം വെക്കുവാനോ തയ്യാറാകാതെ സൂക്ഷിച്ചു വെക്കുകയായിരുന്നു ബാബു. ഈ ആഭരണങ്ങള്‍ ആണ് ബാബു ഇപ്പോള്‍ സി പി എം അക്രമം മൂലം കണ്ണൂര്‍ ജില്ലയില്‍ പല വിധത്തില്‍ ദുരിതം പേറുന്നവരെ സഹായിക്കാനായി സംഘപ്രസ്ഥാനങ്ങള്‍ സ്വരൂപിക്കുന്ന പീഡിത സഹായ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത്. കീഴൂര്‍ മഹാദേവ മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിലെ ബാബുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ ആര്‍ എസ് എസ് പ്രാന്തീയ കര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി ആഭരണങ്ങള്‍ ബാബുവില്‍ നിന്നും ഏറ്റുവാങ്ങി. താന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനും പ്രസ്ഥാനത്തിലെ പീഡനം അനുഭവിക്കുന്ന സഹോദരങ്ങള്‍ക്കും വേണ്ടി ബാബു കാണിച്ചിരിക്കുന്ന മാതൃക ഏറെ പ്രശംസനീയമാണെന്നും സംഘ കുടുംബത്തിലെ മറ്റുള്ളവര്‍ക്കും ഈ മാതൃക പ്രചോദനമാവട്ടെ എന്നും ആഭരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് വത്സന്‍ തില്ലങ്കേരി പറഞ്ഞു. ബിജെപി പേരാവൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി. എം. രവീന്ദ്രന്‍, നഗരസഭാ കൗണ്‍സിലര്‍ പി. രഘു, ആര്‍ എസ് എസ് മണ്ഡല്‍ കാര്യവാഹ് പി. മനീഷ്, കെ. ജയപ്രകാശ്, എം. സുരേഷ് ബാബു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
















