കണ്ണൂര്‍: ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി നാളെ കണ്ണൂര്‍ കലക്ടറേറ്റില്‍ നടക്കും. സമര്‍പ്പക്കപ്പെട്ട പരാതികളില്‍ എല്ലാ വകുപ്പുകളിലെയും ജില്ലാ മേധാവികള്‍ പങ്കെടുത്ത് തീര്‍പ്പാക്കുന്ന രീതിയിലാണ് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ജനവരി 10 മുതല്‍ 30 വരെയായി അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായാണ് ജനസമ്പര്‍ക്ക പരിപാടിയിലേക്ക് അപേക്ഷ സ്വീകരിച്ചത്.
ജില്ലയില്‍ 2813 അപേക്ഷയാണ് ഇങ്ങനെ ലഭിച്ചത്. ഇതില്‍ 2009 ഉം ചികിത്സാ ധനസഹായത്തിനുള്ളതാണ്. ഭവന നിര്‍മാണം 338, സാമൂഹ്യനീതി വകുപ്പുമായി ബന്ധപ്പെട്ടവ 58, റേഷന്‍ കാര്‍ഡ് 42, കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാരായവരുടെ വീടിനുള്ള പ്രത്യേക അപേക്ഷ 109 എന്നിങ്ങനെയാണ് ആകെ ലഭിച്ച അപേക്ഷകള്‍.
ഇതുവരെ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനൊപ്പം പുതിയ അപേക്ഷകളുും സ്വീകരിക്കും. ഓരോ താലൂക്കിനും ഒന്ന് എന്ന നിലയില്‍ 4 കൗണ്ടറുകളുണ്ടാകും. 50 അപേക്ഷകളില്‍ കൂടുതല്‍ വന്ന വകുപ്പുകള്‍ക്കും പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തും. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക കൗണ്ടറും ഉണ്ടാകും. ഇങ്ങനെ ആകെ 15 കൗണ്ടറുകളാണ് ഒരുക്കുന്നത്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാ ഉദ്യോഗസ്ഥരും വില്ലേജ് ഓഫീസര്‍മാരെ വരയെുള്ളവരും പരാതികള്‍ കൈകാര്യം ചെയ്യാനായി രംത്തുണ്ടാവും.
കൗണ്ടറുകളില്‍ നിന്ന് ലഭിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കില്‍ ജില്ലാ കലക്ടറെ നേരില്‍ കണ്ട് പരാതി അറിയിക്കാവുന്നതാണ്. പുതിയ അപേക്ഷകളില്‍ അടിയന്തര പ്രാധാന്യമുള്ളവയുണ്ടെങ്കില്‍ അവയും അപ്പോള്‍ തന്നെ പരിശോധിക്കാന്‍ സംവിധാനമുണ്ടാകും. ആവശ്യമെങ്കില്‍ ജില്ലാ കലകക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനയും ഇടപെടലും ഇത്തരം പരാതികളിലുണ്ടാകും.
നേരത്തെ അനുവദിച്ച ചികിത്സാ സഹായവും ജനസമ്പര്‍ക്ക പരിപാടിയില്‍ തിങ്കളാഴ്ച വിതരണം ചെയ്യും. പൊടിക്കുണ്ട് സ്‌ഫോടനത്തില്‍ 80 പേര്‍ക്കായി ഒരു കോടിയിലേറെ രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. ഈ തുകയും ജനസമ്പര്‍ക്കത്തില്‍ കൈമാറും.
ആര്‍ഭാട രഹിതമായി നിലവിലുള്ള ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയാണ് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഓണ്‍ലൈനായി അപേക്ഷ സ്വീകരിച്ച് പരമാവധി വേഗത്തില്‍ നടപടികളും അപേക്ഷകളില്‍ തീര്‍പ്പുമുണ്ടാക്കുകയെന്നതിനാണ് സര്‍കാര്‍ ഊന്നല്‍ നല്‍കുന്നത്. കിടപ്പ് രോഗികള്‍ നേരിട്ട് വരേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്.
















