തലശ്ശേരി: മാഹി ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷിനെ അകാരണമായി കസ്റ്റഡിയിലെടുത്ത് കള്ളക്കേസില്‍ കുടുക്കി പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളെ രക്ഷിക്കാന്‍ കൃത്രിമമൊഴി ഉണ്ടാക്കിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സുബീഷിനെ 2016 നവംബര്‍ 17 ന് വടകര മൂരാട് വെച്ച് കണ്ണൂര്‍ ഡിവൈഎസ്പി പി.പി.സദാനന്ദനും തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമും ചേര്‍ന്ന് കസ്റ്റഡിയിലെടുക്കുകയും രണ്ട് ദിവസം അന്യായമായി കസ്റ്റഡിയില്‍വെച്ച് പീഡിപ്പിച്ച് ഫസല്‍ വധക്കേസില്‍ സിപിഎമ്മിന് അനുകൂലമായ മൊഴി ഉണ്ടാക്കുകയുമായിരുന്നു. കസ്റ്റഡിയില്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ട സുബീഷ് നിരപരാധിയായ തന്നെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദ്ദിച്ച് വ്യാജമൊഴി പറയിപ്പിച്ചതായി ചൂണ്ടിക്കാട്ടി കോടതിയുടെ അനുമതിയോടെ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. സുബീഷിന്റെ പരാതി ഫയലില്‍ സ്വീകരിച്ച് ദേശീയ മനുഷ്യാവകശ കമ്മീഷന്‍ നാല് ആഴ്ചകള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ 29 നായിരുന്നു ഇതു സംബന്ധിച്ച് സുബീഷ് പരാതി നല്‍കിയത്. അകാരണമായി കസ്റ്റഡിയിലെടുത്ത സുബീഷിനെ അഴീക്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍, കണ്ണൂര്‍ ഡിവൈഎസ്പി ഓഫീസ്, തലശ്ശേരി ഡിവൈഎസ്പി ഓഫീസ് എന്നിവിടങ്ങളില്‍ വെച്ച് ഡിവൈഎസ്പിമാരായ സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് സിപിഎമ്മിനു വേണ്ടി ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് സുബീഷിന്റെ മൊഴി എന്ന വ്യാജേന വ്യാജ വീഡിയോ ഉള്‍പ്പെടെ തയ്യാറാക്കുകയായിരുന്നു എന്നാണ് പരാതി. പടുവിലായിയിലെ സിപിഎം പ്രവര്‍ത്തകനായ മോഹനന്‍ വധക്കേസില്‍ പ്രതികളെ സഹായിച്ചുവെന്ന കേസ് കെട്ടിച്ചമച്ച് സുബീഷിനെ ജയിലിലടക്കുകയും പിന്നീട് കണ്ണവത്തെ പവിത്രന്‍ വധക്കേസില്‍ ഏഴാം പ്രതിയായി ചേര്‍ക്കുകയുമായിരുന്നു.
















