പൂച്ചാക്കല്‍: നാഷനല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പള്ളിപ്പുറത്ത് താല്‍ക്കാലിക കേന്ദ്രത്തില്‍ മേയില്‍ പ്രവര്‍ത്തനം ആരംഭിക്കും. പട്ടാര്യസമാജം ഹൈസ്‌കൂളിനോട് ചേര്‍ന്ന കെട്ടിടത്തിലായിരിക്കും പള്ളിപ്പുറത്തെ പ്രധാന കാമ്പസ് പ്രവര്‍ത്തനസജ്ജമാകുന്നതുവരെ എന്‍പിടിഐ പ്രവര്‍ത്തിക്കുക.
നേരത്തേ നിര്‍മാണം ആരംഭിച്ച പള്ളിപ്പുറം കാമ്പസില്‍ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും.
ക്‌ളാസ് മുറികള്‍ ഉള്‍പ്പെട്ട അക്കാദമിക് ബില്‍ഡിങ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍, ഹോസ്റ്റലുകള്‍, ഓഡിറ്റോറിയം തുടങ്ങി 1.5 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് ആകെ വിസ്തൃതിയുള്ള ആറ് കെട്ടിടങ്ങളാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാകുന്നത്. ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിക്കുന്ന താല്‍ക്കാലിക കേന്ദ്രത്തില്‍ ഊര്‍ജ മേഖലയിലെ തൊഴിലധിഷ്ഠിത സര്‍ട്ടിഫിക്കറ്റ് ഡിപ്‌ളോമ കോഴ്‌സുകളാവും ആരംഭിക്കുക. റിന്യൂവബിള്‍ എനര്‍ജി, സ്മാര്‍ട്ട് ടെക്‌നോളജി തുടങ്ങിയ വിഷയങ്ങളില്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഒരുവര്‍ഷത്തെ ബിരുദാനന്തര ഡിപ്‌ളോമ കോഴ്‌സുകളും ഉണ്ടാകും.
പള്ളിപ്പുറത്തെ പ്രധാന കാമ്പസ് പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ എംബിഎ, ബിടെക്, ഹൈഡ്രോ തെര്‍മല്‍ വിഭാഗങ്ങളിലെ എന്‍ജിനീയറിങ് ബിരുദാനന്തര ബിരുദ ഡിപ്‌ളോമ കോഴ്‌സുകളും ആരംഭിക്കും.
















