കണ്ണൂര്‍: അഴീക്കല്‍ പാമ്പാടി ആലിന്‍കീഴില്‍ ക്ഷേത്രത്തില്‍ തിരുവായുധ എഴുന്നള്ളിപ്പില്‍ പട്ടികജാതി വിഭാഗങ്ങളുടെ വീടുകള്‍ ഒഴിച്ചുനിര്‍ത്തി ആത്മീയ ഭ്രഷ്ട് കല്‍പ്പിക്കുകയും കേരളീയ സമൂഹത്തെ നൂറ്റാണ്ടുകള്‍ പിറകോട്ടടിപ്പിക്കുകയും ചെയ്യുന്ന സിപിഎം നിലപാട് അപലപനീയമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. ജാതിയില്ല വിളംബരത്തിന്റെ ശതാബ്ദി കേരളം മുഴുവന്‍ ആഘോഷിക്കുകയും വാക്ഭടാനന്ദന്റെ നാട്ടില്‍ ജാതിഭ്രഷ്ട് തിരിച്ചുകൊണ്ടുവരികയും ചെയ്യുന്ന നടപടിയില്‍ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണം. സിപിഎം ഭരണസമിതിയിലുള്ള ക്ഷേത്രത്തില്‍ പട്ടികജാതി വിഭാഗത്തോടുള്ള വിവേചനം തുല്യനീതി നിഷേധവും ഭരണഘടനാ ലംഘനവുമാണ്. ഇത്തരം നിലപാട് സ്വീകരിക്കുന്ന സിപിഎം ഭരണസമിതിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. വിശ്വാസ അയിത്തത്തിനെതിരെ കലക്ടറേറ്റിന് മുന്നില്‍ ജെആര്‍എസ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, ബിജെപി സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രഞ്ചിത്ത്, ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, എ.ഒ.രാമചന്ദ്രന്‍, കെ.രാധാകൃഷ്ണന്‍, ബിജു ഏളക്കുഴി, പി.എ.റിതേഷ്, കെ.ജി.ബാബു തുടങ്ങിയവരും സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
















