കണ്ണൂര്‍: കണ്ണവത്ത് സിപിഎമ്മുകാരന്‍ പവിത്രന്‍ മരണപ്പെട്ട കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നില്‍ സിപിഎം-പോലീസ് അവിശുദ്ധകൂട്ടുകെട്ടെന്ന് സൂചന. പവിത്രന്‍ കേസ് രണ്ട് തവണ കോടതി വിചാരണക്കെടുത്തിരുന്നുവെങ്കിലും പ്രോസിക്യൂഷന്‍ ഇടപെട്ട് രണ്ട് തവണയും മാറ്റിവെപ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് മാഹി ചെമ്പ്രയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയെന്ന അവകാശവാദവുമായി പോലീസ് രംഗത്ത് വന്നതും തുടരന്വേഷണം പ്രഖ്യാപിച്ചതും. എന്നാല്‍ തന്നെ അകാരണമായി കസ്റ്റഡിയിലെടുത്ത ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നിര്‍ബന്ധിച്ച് മൊഴികൊടുപ്പിക്കുകയാണെന്ന ആരോപണവുമായി സുബീഷ് പരാതി നല്‍കിയതോടെയാണ് പോലീസിന്റെ ഗൂഢാലോചന പുറത്ത് വന്നത്. ഡിവൈഎസ്പിമാരായ പ്രിന്‍സ് അബ്രഹാം, പി.പി.സദാനന്ദന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുബീഷിനെ അറസ്റ്റ് ചെയ്തത്. കള്ളക്കേസില്‍ കുടുക്കി റിമാന്റ് ചെയ്ത സുബീഷിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അഞ്ച് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും കേസുമായി ബന്ധമില്ലാത്ത സുബീഷില്‍ നിന്ന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് സുബീഷിനെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചെങ്കിലും കോടതി അനുവദിച്ചില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ കോടതിയില്‍ വെച്ച് സുബീഷിനെ ചോദ്യം ചെയ്യാമെന്ന് കോടതി വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്. കേസിന്റെ തുടരന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ ജാമ്യമനുവദിക്കണമെന്നാവശ്യപ്പെട്ട് സുബീഷ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഭരണസ്വാധീനമുയോഗിച്ച് കേസ് അട്ടിമറിക്കാനും ആര്‍എസ്എസ് ബിജെപി നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുമുള്ള സിപിഎം ശ്രമത്തിന് പാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തികളായ ചില പോലീസുകാര്‍ ഒത്താശ ചെയ്യുകയാണ്.
















