കോഴിക്കോട്: ദേശീയതയുടെ വക്താക്കളായ സംഘപരിവാര്‍ നേതാക്കളെ, കോഴിക്കോട് നടക്കുന്ന സാഹിത്യോത്സവ ചര്‍ച്ചകളില്‍ ക്ഷണിക്കാതിരിക്കുന്നത് അവരെ ആശയപരമായി നേരിടാനുള്ള സംഘാടക സമിതിയുടെ ഭയം മൂലമാണോയെന്ന് സിവിക് ചന്ദ്രന്‍.
സാഹിത്യോത്സവത്തിന്റെ നാലാം ദിവസം, ദേശീയതയുടെ നിര്‍വചനങ്ങള്‍ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസുകാരെ വിളിക്കാത്ത നടപടി ശരിയല്ല. ആശയപരമായി യുദ്ധം നടക്കുമ്പോള്‍ അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും കേട്ട് നേരിടണം. ആശയപരമായി അവരെ നേരിടാന്‍ ഇടതു പക്ഷത്തിന്
ആത്മവിശ്വാസക്കുറവുണ്ടോയെന്ന് സംശയമുണ്ട്. അവരുമായി സംവദിക്കാന്‍ ഇടതുപക്ഷം ഭയപ്പെടുകയാണ്. ആര്‍എസ്എസുകാരെ വിളിച്ചതിനാല്‍ എം.എ ബേബി ജയ്‌പൂര്‍ ഫെസ്റ്റിവലില്‍ നിന്ന് വിട്ടു നിന്നു. താനായിരുന്നെങ്കില്‍, അവരെ വിളിച്ചില്ലെങ്കിലായിരുന്നു വിട്ടു നില്‍ക്കുക. ഒരു ആശയത്തെ കൂട്ടം ചേര്‍ന്ന് വിമര്‍ശിക്കുന്നതിന് പകരം അവരുടെ സാമീപ്യത്തില്‍ നേരിടുകയാണ് വേണ്ടതെന്നും സിവിക് ചന്ദ്രന്‍ പറഞ്ഞു.
















